Thursday, August 5, 2010

അടഞ്ഞ അധ്യായങ്ങളുടെ ആമുഖം-1

1. അവ്യക്തമാവാത്ത ആശംസാകാര്‍ഡ്‌

``ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ്‌
ഈ ലോകം ശൂന്യമാണെന്ന്‌ തിരിച്ചറിയേണ്ടി വരുന്നത്‌...
മഴ തിമര്‍ത്തുപെയ്യുന്ന
ഈ വര്‍ഷകാലപകലില്‍
ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌
നഷ്‌ടസ്‌മൃതികളുടെ നിര്‍വ്വചനമാണ്‌..
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാടുപെടുന്ന
സ്വപ്‌നങ്ങളുടെ വിലാപം മാത്രമെ
ശബ്‌ദമായി എന്റെ കാതുകളില്‍ അവശേഷിക്കുന്നുള്ളു...''


ഒന്നു മിഴി ചിമ്മിയപ്പോഴേക്കും ഓടിയൊഴിച്ചുപോയ എട്ട്‌ വര്‍ഷങ്ങള്‍. പക്ഷേ ഞാനിന്നും കത്തുന്ന വെയില്‍ നിറഞ്ഞ ഒരു പകലിലെ നട്ടുച്ചയില്‍ തന്നെയാണ്‌. `മിക്കിമൗസ'്‌ എന്ന കൂള്‍ബാറിന്റെ ഒഴിഞ്ഞ കോണിലെ ചാരുബെഞ്ചില്‍ ദീപ്‌തിക്കരുകില്‍ ഉറച്ചുപോയ ഒരു ശില പോലെ ഇന്നും...
അവളുടെ നെറ്റിയില്‍ എപ്പോഴും ഒട്ടിച്ചേര്‍ന്നു കിടക്കാറുള്ള നീലഭസ്‌മത്തിലേക്ക്‌ മിഴികള്‍ പായിച്ച്‌, പുറത്തേക്ക്‌ വരാനാവാതെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരുപിടി സ്വപ്‌നങ്ങളെ അമര്‍ത്തിവെച്ച്‌ എത്രയോ നേരം...സാലഭഞ്‌ജികകള്‍ ഒരിക്കലെങ്കിലും ഒന്നുറക്കെ സംസാരിക്കാന്‍ കൊതിക്കുന്നുണ്ടെന്ന തിരിച്ചറിവിലേക്ക്‌ ഞാന്‍ നീങ്ങിയ നിമിഷം അവളെന്തോ പറഞ്ഞു...
പുസ്‌തകത്തിനിടയില്‍ നിന്നും ആശംസാകാര്‍ഡ്‌ ആദ്യമെടുത്തത്‌ അവളാണ്‌. മഞ്ഞപ്പൂക്കള്‍ ആലേഖനം ചെയ്‌ത അതിന്റെ പുറംച്ചട്ടയില്‍ പതിഞ്ഞുകിടക്കുന്ന കറുത്ത അക്ഷരങ്ങള്‍ സ്‌നേഹത്തിന്റെ താഴ്‌വരയിലേക്കുള്ള ക്ഷണനമായിരുന്നു. നക്ഷത്രശോഭ പോലെ ആ മഞ്ഞവെളിച്ചം അവളുടെ മിഴികളിലേക്കും പടര്‍ന്നു...
എന്റെ തണുത്ത വിരലുകള്‍ക്കിടയിലിരുന്ന്‌ അവ ജീവനുള്ളത്‌ പോലെ വിറച്ചു.
``തുറന്നുനോക്ക്‌...''എന്റെ തോളില്‍ തല ചേര്‍ത്തുവെച്ച്‌ അവള്‍ പറഞ്ഞു.
``ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന്‌ എഴുതിയ ഇതിലെ വാക്കുകള്‍ നീ ഹൃദിസ്ഥമാക്കുമ്പോള്‍ എനിക്കീ മുഖം കാണണമെന്നുണ്ടായിരുന്നു.
ചുവപ്പ്‌ നിറം പടര്‍ന്ന അക്ഷരങ്ങള്‍...
``.............................എന്റെ കണ്ണുനീര്‍ ബാഷ്‌പങ്ങളായി പറന്നുയര്‍ന്ന്‌ നിന്റെ തണുത്ത കൈത്തലത്തില്‍ മഴയായി വീണ്‌ നിന്നെയുണര്‍ത്തുന്ന രാത്രിക്കായി, പകലിനായി ഒരു ജന്മം മുഴുവന്‍ ഞാന്‍ കാത്തിരിക്കും.........''
അവസാനവാചകങ്ങളില്‍ നോക്കിയിരുന്നപ്പോള്‍ രണ്ട്‌ ആലിപ്പഴങ്ങള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി ആ താളുകളെ നനയിച്ചു.
ആ ആര്‍ദ്രബിന്ദുക്കള്‍ തുടച്ചുമാറ്റുമ്പോള്‍ അവള്‍ പറഞ്ഞു.
``പേടിക്കണ്ട, ആ അക്ഷരങ്ങള്‍ക്ക്‌ മായാനാവില്ല. ഒരു ജന്മം മുഴുവന്‍ നിനക്ക്‌ വായിക്കാനായി ആ താളുകളില്‍ ഉറച്ചുപോയ എന്റെ മനസ്സാണത്‌...''
പ്രകാശിക്കുന്ന ഒരു മണ്‍ചിരാതിന്‌ മുകളില്‍ എഴുതിയിട്ട അവളുടെ പേരിന്‌ മുകളില്‍ ഞാന്‍ വീണ്ടും വീണ്ടും ചുണ്ടുകള്‍ ചേര്‍ത്തു.
ഇനി എന്റെ ഊഴമാണ്‌.
ഗുല്‍മോഹറുകള്‍ ചിതറിക്കിടക്കുന്ന ചിത്രമുളള ആശംസാകാര്‍ഡ്‌ അവള്‍ക്ക്‌ നീട്ടി.
അത്‌ വാങ്ങി നെഞ്ചോട്‌ ചേര്‍ക്കുന്നത്‌ കണ്ടു. ഹൃദയമിടിപ്പിന്റെ താളത്തില്‍ കാര്‍ഡ്‌ താളാത്മകമാകുന്നതറിഞ്ഞു.
``ഞാനെങ്ങനെയാണ്‌ നിന്നെ വേര്‍പിരിയുക?''
``നമ്മള്‍ ഒരിക്കലും വേര്‍പിരിയില്ല''
അവളുടെ കണ്ണുകളില്‍ നിന്നും മാര്‍ച്ചിന്റെ ഹൃദയത്തിലേക്ക്‌ തുഷാരബിന്ദുക്കള്‍ പൊഴിയുന്നു.
``അത്‌ പിന്നെ വായിച്ചാല്‍ മതി...''
തുറക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
``നിനക്ക്‌ കാണണ്ടെ...ഇത്‌ വായിക്കുമ്പോഴുള്ള എന്റെ മുഖഭാവം...''
എന്റെ നിശബ്‌ദതതയില്‍ അവളത്‌ പതുക്കെ തുറന്നു.
ചോരയുടെ നിറം, ഗന്ധം...
പ്രണയം അങ്ങനെയാണ്‌. എത്രത്തോളം ദൃഢത വരുത്താനാണ്‌ അത്‌ പരിശ്രമിക്കുക. തെളിയാന്‍ മടിച്ച പേനകള്‍ക്ക്‌ പകരം വിരല്‍ മുറിച്ചെഴുതിയ കവിത.
മഴ കൊതിച്ച പകലിന്‌ സമാശ്വാസമായി അവളിപ്പോള്‍ പെയ്യുകയാണ്‌. ഗുല്‍മോഹറുകളേക്കാള്‍ ചുവന്ന നിറമുള്ള ആ അക്ഷരങ്ങളില്‍ വീണത്‌ ചിന്നിച്ചിതറുന്നു.
``എത്ര നനഞ്ഞാലും അത്‌ മായില്ല. പതിറ്റാണ്ടുകളോളം നിനക്ക്‌ കാത്തുവെക്കാന്‍ ആ അക്ഷരങ്ങള്‍ക്ക്‌ ഞാന്‍ നിറം പകര്‍ന്നത്‌ എന്റെ രക്തം കൊണ്ടാണ്‌.''
മഴ ശക്തമായി. എന്റെ കൈവിരലുകളില്‍ അവള്‍ ചുണ്ടുകളമര്‍ത്തി. കണ്ണുനീരിന്റെ പശയില്‍ മുറിവ്‌ കൂടിച്ചേര്‍ന്നു.
പിരിയാനാവാതെ ഇരുന്നെങ്കിലും സമയത്തിന്‌ മുന്നില്‍ തോല്‍ക്കേണ്ടി വന്നു.
അകന്നുപോകുന്ന ബസ്സ്‌ കണ്ണില്‍ നിന്നും മായുന്നത്‌ വരെ ഞാനാ പാതയോരത്ത്‌ നിന്നു.
അപ്പോഴും അവള്‍ക്ക്‌ മാത്രമെ അറിയാമായിരുന്നുള്ളു.
``ഇനിയൊരിക്കലും ഞങ്ങള്‍ കണ്ടുമുട്ടില്ലെന്ന്‌....''

Tuesday, February 23, 2010

പ്രണയാകാശത്തിലെ ഒറ്റനക്ഷത്രം

ജെന്നിഫര്‍...
ഞാനിപ്പോള്‍ ഈ പകലിലിരുന്ന്‌
നിദ്രാനിബിഡമായ നിന്റെ രാത്രിയിലെ
നിന്നെ അലോസരപ്പെടുത്താനെത്തുന്ന
സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിക്കുകയാണ്‌...
മഞ്ഞുപൊഴിയുന്ന നിന്റെ ജാലകകാഴ്‌ചകള്‍ക്കപ്പുറം
ഇന്നലെയും വന്ന്‌ മടങ്ങിയ എന്റെ ആത്മാവിന്റെ
ഗദ്‌ഗദങ്ങള്‍ നീ തിരിച്ചറിഞ്ഞിരുന്നുവോ...
വയലറ്റ്‌ പൂക്കള്‍ നിറഞ്ഞ ബാല്‍ക്കണിയില്‍
ആകാശം നോക്കി കിടന്ന നിന്റെ കണ്ണുകളില്‍
കാലം തെളിയിച്ച നക്ഷത്രങ്ങളിലൊന്ന്‌
എന്റെ ഹൃദയരേണുക്കളുടെ തിളക്കമായിരുന്നുവെന്ന്‌
നീ മനസ്സിലാക്കിയിരുന്നുവോ...
നിനക്കതിനാവില്ല...
കാരണം നീ ബന്ധനങ്ങളുടെ നദിയാണ്‌...
എങ്കിലും,
നിനക്കായി കാത്തുവെച്ച രക്തപുഷ്‌പങ്ങളില്‍
ഞാനെന്റെ നിശ്വാസങ്ങള്‍ കൊണ്ട്‌
പ്രണയരേഖകള്‍ തീര്‍ക്കുകയാണ്‌...
വാടിത്തുടങ്ങിയ അതിന്റെ ഇതളുകള്‍
നിന്റെ കരസ്‌പര്‍ശമേല്‍ക്കുമ്പോള്‍
ഉണര്‍ന്നെഴുന്നേറ്റ്‌
എന്റെ സ്‌നേഹത്തിന്റെ ആഴം നിന്നോട്‌ മന്ത്രിക്കും...
നീയുള്ള ലോകത്തുനിന്ന്‌ പോവാനാവാതെ
വീര്‍പ്പുമുട്ടുന്ന നിന്റെ ഭ്രാന്തകാമുകന്‍...
(ഫെബ്രുവരി 14)

``നിനക്കായി എഴുതിവെച്ച പ്രണയത്തിന്റെ മെഴുകുതിരിവെട്ടമാണിത്‌. ഉരുകിയില്ലാതായിക്കൊണ്ടിരിക്കുന്ന എന്റെ നിശ്വാസങ്ങളെയെല്ലാം ഏകാന്തത വിരാജിക്കുന്ന ഒരു മുറിയില്‍ കത്തിജ്വലിച്ചമരുന്നു. ഒരു നിലാവായിരുന്നു നീയെനിക്ക്‌...പിന്നീട്‌ ഗ്രീഷ്‌മമുഖമായി എന്നെയെരിച്ച്‌ ഒടുവില്‍ മഴയായി നീ പെയ്‌തുകൊണ്ടിരിക്കുന്നു. വേനലിന്റെ താപത്തില്‍ കത്തിയമര്‍ന്നുപോയ സ്വപ്‌നങ്ങള്‍ വരണ്ട മണ്ണില്‍ നീ ചൊരിഞ്ഞ കണ്ണീര്‍ക്കണങ്ങളില്‍ നനഞ്ഞ്‌ മുളച്ചുപൊന്തുന്നു. നീ പറഞ്ഞ ഉല്‌പത്തിയിലെ വാചകങ്ങളും സോളമന്റെ ഗീതത്തിലെ ആഖ്യാനങ്ങളും സ്‌ട്രോബറി പൂക്കളുടെ ഇതളുകള്‍ കൊഴിയുന്ന താഴ്‌വാരവും കടന്ന്‌ മറവിയുടെ മുന്തിരിത്തോട്ടത്തിലെത്തി ഹൃദിസ്ഥമാക്കുകയാണ്‌. മറക്കാന്‍ പറഞ്ഞ നിന്റെ ചുണ്ടുകളുടെ താളം വേപഥു പൂണ്ടുനിന്ന മഴമേഘത്തിന്റെ അടങ്ങാത്ത നിസഹായതയായിരുന്നുവെന്നും നീയെന്നെ ഒരുപാട്‌ സ്‌നേഹിച്ചിരുന്നുവെന്നും പറഞ്ഞ്‌ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വപ്‌നങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. മരണമുറിയിലേക്ക്‌ നടന്നുപോവുന്ന എന്റെ മോഹങ്ങളെ പ്രതീക്ഷയോടെ യാത്രയാക്കാന്‍ നീയും എനിക്കൊരു വാക്ക്‌ തന്നിരുന്നെങ്കില്‍...എന്റെ സ്വന്തമാവാനായില്ലെങ്കില്‍ ഇനിയൊരിക്കലും ഭൂമിയില്‍ നീ പിറവിയെടുക്കരുത്‌. ഒരു മനസും മറ്റൊരു നിയോഗവുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ മണ്ണിലമര്‍ന്നുപോയ നമ്മുടെ സ്വപ്‌നങ്ങള്‍ ഭൂമിയിലെ പൂമരങ്ങള്‍ക്ക്‌ വളമാകുന്നതാണ്‌.''
അള്‍ത്താരയിലെ ഒഴിഞ്ഞ കോണിലെ മുട്ടുകുത്തിയിരുന്ന്‌ നീയിപ്പോള്‍ എന്റെ ഉയര്‍ച്ചക്കായി പ്രാര്‍ത്ഥിക്കുകയാണോ...അതോ നഷ്‌ടസ്വപ്‌നങ്ങളുടെ ചിരാതില്‍ ആത്മാവുരുക്കിയൊഴിച്ച്‌ നമ്മള്‍ നട്ടുവളര്‍ത്തിയ മോഹമുകുളങ്ങള്‍ക്ക്‌ വെളിച്ചം പകരുകയോ...ഞാനിപ്പോള്‍ നീ നല്‍കിയ പുസ്‌തകത്തിലെ ചുവന്നതാളില്‍ കവിത കോറുകയാണ്‌. വിഹ്വലതകളുടേയും അസ്വസ്ഥതകളുടേയും പിടിയില്‍ നിന്ന്‌ മോഹിതനായപ്പോള്‍ നിന്നെ കുറിച്ചുള്ള ഓര്‍മ്മകളുടെ ക്യാന്‍വാസില്‍ ഞാന്‍ പകര്‍ത്തിയിട്ട സുന്ദരചിത്രങ്ങള്‍ എന്നെ നോക്കി അവ്യക്തമായി പുഞ്ചിരിക്കുന്നുണ്ട്‌. നിന്നെ സ്‌നേഹിക്കുമ്പോള്‍ ആകാശവും ഭൂമിയും ഞാനാണെന്നു തോന്നും. നക്ഷത്രങ്ങള്‍ നമ്മള്‍ നട്ടുവളര്‍ത്തിയ ചെടികളാണെന്നും കാറ്റും വെളിച്ചവും കാറൊഴിഞ്ഞ നമ്മുടെ ഹൃദയത്തിന്റെ ജ്വലനമാണെന്നും തിരിച്ചറിയും...
ഇന്നലെയാണ്‌ നിന്നെ കുറിച്ച്‌ ഓര്‍മ്മപുസ്‌തകത്തില്‍ എഴുതിയത്‌. നീ വന്നതും എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നതുമെല്ലാം അക്ഷരങ്ങളായി ഞാന്‍ കുടഞ്ഞിട്ടപ്പോള്‍ ജാലകത്തിനപ്പുറത്ത്‌ മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നിരുന്ന പകലില്‍ നീ രാത്രിയുടെ മാറില്‍ കിടന്ന്‌ സുഖമായി ഉറങ്ങുകയാവുമെന്നറിയാം. എന്നിട്ടും നിനക്ക്‌ ഞാന്‍ കാതങ്ങള്‍ക്കകലെയിരുന്ന്‌ പ്രണയപുഷ്‌പങ്ങള്‍ സമ്മാനിച്ചു. നീയിപ്പോള്‍ എന്നെ നോക്കി ചിരിച്ചു. അത്‌ വാങ്ങിയ ശേഷം എനിക്ക്‌ ഓര്‍ക്കിഡ്‌ പുഷ്‌പങ്ങള്‍ നല്‍കി...

വിരസമായ ഒരു പകലിലാണ്‌ അമേരിക്കയില്‍ നിന്നും ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയുടെ മെയില്‍ വന്നത്‌. ന്യുയോര്‍ക്കിലെ ഒരു സോഫ്‌ട്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നും നിന്റെ സ്വപ്‌നങ്ങള്‍ വീണുചിതറിക്കിടക്കുന്ന എഴുത്തുപുരയിലെ നിത്യസന്ദര്‍ശകനാണ്‌ ഞാനെന്നും ചുവന്ന നിറത്തില്‍ അവള്‍ രേഖപ്പെടുത്തിയിരുന്നു. കൂട്ടുകാരിലാരോ കബളിപ്പിക്കുകയാവും എന്ന വിശ്വാസത്തോടെയാണ്‌ മറുപടി നല്‍കിയത്‌. ചത്തുമലച്ചുകിടക്കുന്ന എന്റെ ജഡരാഗ്നിയില്‍ നിനക്ക്‌ വരാന്‍ തോന്നിയതിന്‌ നന്ദിയുണ്ടെന്നും ഇനിയും എഴുതണമെന്നും മറുകുറിപ്പെഴുതിയിട്ടു.
മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും എഴുതി. നീയെന്തിനാണ്‌ നൊമ്പരങ്ങളെ മാത്രം മുറുകെ പിടിച്ചു മുന്നോട്ടുപോവുന്നതെന്നും നിന്റെ വാക്കുകളിലേറെയും എന്റെ മിഴികളെ ആര്‍ദ്രമാക്കുന്നുവെന്നും അവള്‍ എഴുതിയിരുന്നു. നിന്നെ സ്‌നേഹിക്കുന്നവര്‍ക്കെങ്കിലും അല്‍പം പുഞ്ചിരിയും പ്രതീക്ഷയും ബാക്കിവെക്കണമെന്നായിരുന്നു അവസാനവാചകങ്ങള്‍...
മറുപടിയെഴുതുമ്പോള്‍ എന്റെ മുന്നില്‍ കുറേ മുഖങ്ങളുണ്ടായിരുന്നു. ആരായിരിക്കും. കുസൃതിയായ ചില കൂട്ടുകാരികള്‍, കവിതകളെ കുറിച്ച്‌ എന്നും പഴി പറയാറുള്ള ചില സ്‌നേഹിതര്‍. ആരായാലും എഴുതിയാളെ കുറിച്ച്‌ അറിയാന്‍ താല്‍പര്യമില്ലാത്ത വിധം കവിതകളെ കുറിച്ച്‌ മാത്രമെഴുതി.
പിറ്റേ ദിവസമാണ്‌ അവള്‍ ചാറ്റില്‍ വന്നത്‌. അന്ന്‌ ഞാന്‍ ഇംഗ്ലീഷ്‌ ചുവയുള്ള അവളുടെ പേരിനെ കുറിച്ച്‌ സംസാരിച്ചു. `ജെന്നിഫര്‍' എന്ന പേരിട്ടത്‌ പപ്പയാണെന്ന്‌ പറഞ്ഞവള്‍ സ്‌മൈലിയിട്ടു. പ്രവാസത്തിന്റെ ദുരിതങ്ങളെ കുറിച്ചും നാട്ടില്‍ വരാനുള്ള മോഹങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു. ഗ്രാമജീവിതത്തിന്റെ നൈര്‍മ്മല്യമൊന്നും ശിഷ്‌ടകാലത്തിലെ സുഖസൗകര്യങ്ങള്‍ക്ക്‌ വേണ്ടി വിദേശമണ്ണില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ ചിന്തിക്കാറില്ലെന്നും വല്ലപ്പോഴും നാട്ടില്‍പോയി വരുന്ന മലയാളികളില്‍ നിന്നും ആര്‍ത്തിയോടെ നാട്ടുകാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാറുണ്ടെന്നും പറഞ്ഞവള്‍ കുറേനേരം മൗനിയായി. പിന്നീട്‌ കുറേനേരത്തേക്ക്‌ മറുഭാഗത്ത്‌ ചലനമൊന്നും കണ്ടില്ല. കുറച്ചുനേരത്തിന്‌ ശേഷം തിരിച്ചെത്തിയപ്പോള്‍ `എവിടെപ്പോയി?' എന്നു ചോദിച്ചു. `ഞാന്‍ കരയുകയായിരുന്നു' എന്നായിരുന്നു മറുപടി. ആ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചില്ലെങ്കിലും മറുഭാഗത്ത്‌ ഞാന്‍ കുറഞ്ഞ സമയം കൊണ്ട്‌ മനസ്സിലിട്ട്‌ രൂപപ്പെടുത്തിയെടുത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി കവിതകളിലെ നൊമ്പരങ്ങളെ കുറിച്ച്‌ ആഴത്തില്‍ പറയണമെങ്കില്‍ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ആ കണ്ണുനിറഞ്ഞേക്കുമെന്ന്‌ ഞാന്‍ ഉത്‌കണ്‌ഠപ്പെട്ടു. അന്ന്‌ പിരിയും മുമ്പെ അവള്‍ എന്റെ ഫോണ്‍നമ്പര്‍ വാങ്ങാന്‍ മറന്നില്ല. അന്ന്‌ ഞാന്‍ ശരിക്കും ഒരു കോള്‍ പ്രതീക്ഷിച്ചിരുന്നു. പൗരുഷമാര്‍ന്ന ശബ്‌ദത്തില്‍ ഒരു കൂട്ടുകാരന്റെ അല്ലെങ്കില്‍ അകന്നുപൊയൊരു കൂട്ടുതാരിയുടെ `നിന്നെ പറ്റിച്ചേ' എന്നൊരു കളിയാക്കലും...
പിന്നേറ്റ്‌ രാവിലെ അപരിചിതമായ നമ്പര്‍ കണ്ട്‌ ഫോണെടുക്കുമ്പോഴും മനസ്സില്‍ ജെന്നിഫറുണ്ടായിരുന്നില്ല.
``ഞാനാണ്‌ ജെന്നിഫര്‍''
ഞാനൊരു അപരിചിതമായ ലോകത്താണെന്നും കഴിഞ്ഞ കുറച്ചുദിവസമായി എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ വിചിത്രമായൊരു കഥയാണെന്നും തോന്നി.
``നമ്മള്‍ സംസാരിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.''
വര്‍ഷങ്ങളോളം വിദേശത്ത്‌ നിന്നിട്ടും അവളുടെ ശബ്‌ദത്തില്‍ നിന്നും മലയാളത്തിന്റെ മാധുര്യം അല്‍പ്പം പോലും വിട്ടുപോയിരുന്നില്ല. ഇന്നും നന്ദ്യാര്‍വട്ടം പൂക്കുന്ന തൊടിയും നാലുമണിപ്പൂക്കളും ശംഖുപുഷ്‌പങ്ങളും അരങ്ങുവാഴുന്ന കോട്ടയത്തെ തറവാട്‌ തന്നെയായിരുന്നു അവളുടെ മനസ്സില്‍. പള്ളിപ്പെരുന്നാളിനെ കുറിച്ചും ഉത്സവങ്ങളെ കുറിച്ചുമെല്ലാം പറയുമ്പോള്‍ അതാണ്‌ അവള്‍ക്ക്‌ ആയിരംനാവ്‌.
ഞാനൊരു പുതിയയാത്രയുടെ ആദ്യപടവുകളിലേക്ക്‌ കയറുകയായിരുന്നു.
വൈകുന്നേരങ്ങളില്‍ ആറുമണിക്കൂറിലധികം സംസാരിക്കും. പിരിയാന്‍ നേരം ശബ്‌ദം കേള്‍ക്കാന്‍ തോന്നുന്നുവെന്ന്‌ പറഞ്ഞവള്‍ വിളിക്കും. ഒരിക്കലും കണ്ടിട്ടില്ലാത്ത കാണാന്‍ സാധ്യതയില്ലാത്ത ജെന്നിഫര്‍ എന്ന പെണ്‍കുട്ടി മനസ്സില്‍ സ്വയം ഇരിപ്പിടം തീര്‍ന്ന്‌ കടന്നിരുന്നുകഴിഞ്ഞുവെന്ന്‌ ഞാനും തിരിച്ചറിയുകയായിരുന്നു. എന്ന വഴികളില്‍ എന്നെ കുത്തിനോവിച്ചതിനെല്ലാം പകരമായി എനിക്ക്‌ കിട്ടിയ ഹൃദയരക്തമാണ്‌ അവളെന്ന്‌ തോന്നി.
``അമ്മ പോലും എന്നെയിങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല.''
സ്‌നേഹത്തിന്റെ തീക്ഷ്‌ണതയില്‍ ഉരുകിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു.
മറുഭാഗത്ത്‌ നിന്നും തേങ്ങല്‍ കേട്ടു.
``ആര്‍ക്കും വേണ്ടാത്ത ഈ സ്‌നേഹം നിനക്ക്‌ വിലപ്പെട്ടതാണെന്ന്‌ കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആര്‍ദ്രമാവുന്നു.''
ആ വാക്കുകള്‍ വിഷം പുരട്ടിയ അമ്പ്‌ പോലെ എന്നിലേക്കാണ്ടു പോയി. അവള്‍ ദുഖത്തിന്റെ കരിമ്പടമണിഞ്ഞാണോ എന്റെ മുന്നില്‍ വന്നത്‌. ഇത്രയായിട്ടും ആ സ്‌നേഹത്തിന്റെ പേമാരിയില്‍ എന്തുകൊണ്ടാണ്‌ നൊമ്പരത്തിന്റെ വെള്ളിവെളിച്ചം ഞാന്‍ തിരിച്ചറിയാതെ പോയത്‌. കുറ്റബോധം തോന്നി. മറയില്ലാതെ സംസാരിക്കാറുള്ള അവള്‍ സാന്ത്വനത്തിനായി എന്നില്‍ നിന്നും ചോദ്യങ്ങള്‍ തേടുന്നുണ്ടാവുമെന്ന്‌ സംശയിച്ചു...
ജോലിക്ക്‌ പോകാതെയിരുന്ന ഒരു പകലിലാണ്‌ അവള്‍ പറഞ്ഞുതുടങ്ങിയത്‌. അവളെ കുറിച്ച്‌ സ്വരുക്കൂട്ടിവെച്ചതെല്ലാം എന്നില്‍ നിന്നൂര്‍ന്ന്‌ പോയി. ജനിച്ചതുമുതല്‍ ഈ നിമിഷം വരെ അവള്‍ അനുഭവിച്ച സങ്കടങ്ങളുടെ പെരുമഴയില്‍ ഞാന്‍ നനഞ്ഞുകുതിര്‍ന്നു. ഒടുവിലിപ്പോള്‍ ജീവിതപങ്കാളിയുടെ മനസ്സില്‍ കൂടി വെറുപ്പിന്റെ വേരൂന്നിത്തുടങ്ങിയിരിക്കുന്നുവെന്ന്‌ പറഞ്ഞവള്‍ വിതുമ്പി. ബഹളങ്ങളില്‍ നിന്ന്‌ മുക്തി നേടാനാവാത്ത ബാല്യവും ആരും ശ്രദ്ധിക്കാനില്ലാതെ ഇരുട്ടില്‍പ്പെട്ടുപോയ കൗമാരവും അവള്‍ എന്നിലേക്ക്‌ ചൊരിഞ്ഞിട്ടു. സണ്‍ഡേ സ്‌കൂളികളില്‍ നിന്നും ഹൃദിസ്ഥമാക്കിയ ബൈബിള്‍ കഥകളും ക്വയറിലെ സംഗീതത്തിന്റെ മധുരിമയും മാത്രമായിരുന്നു ദൈവം അവള്‍ക്കായി സമ്മാനിച്ച സാന്ത്വനം...
ഞാനും അടച്ചുവെച്ച മനസ്സ്‌ അവളിലേക്ക്‌ വാരിവലിച്ചുപുറത്തിട്ടു. എഴുതിക്കൂട്ടിയ നൊമ്പരത്തിന്‌ പിന്നിലെ കഥകള്‍ പങ്കുവെച്ചു. പിരിയാനാവാത്ത വിധം, ഒരിക്കലും അകലാനാവാത്ത പോലെ ഒരൊറ്റ ബിന്ദുവിലേക്ക്‌ കൂടിച്ചേരുകയായിരുന്നു ഞങ്ങള്‍...
ആദ്യം ഭയന്നത്‌ ജെന്നിഫര്‍ തന്നെയായിരുന്നു.
കഴിഞ്ഞ ക്രിസ്‌തുമസ്‌ രാത്രിയില്‍ കരോള്‍ഗാനങ്ങള്‍ കേട്ടിരിക്കുമ്പോഴാണ്‌ അവളുടെ ഫോണ്‍ വന്നത്‌.
`നമുക്ക്‌ പിരിയാം' ശബ്‌ദം മുറിഞ്ഞുപോയി.
എനിക്കൊന്നും മനസ്സിലായില്ല. എന്തുപറ്റി ജെന്നിഫറിന്‌...വീട്ടില്‍ ചുവന്ന നക്ഷത്രങ്ങള്‍ തൂക്കിയെന്നും ബലൂണുകളും അലങ്കാരറിബണുകളും കൊണ്ട്‌ തോരണം തൂക്കിയെന്നും പുല്‍ക്കൂടൊരുക്കുന്നതിരക്കിലാണെന്നും ആഹ്ലാദത്തോടെ പറഞ്ഞ അവളുടെ തലേദിവസത്തെ ശബ്‌ദമാണ്‌ ഓര്‍മ്മ വന്നത്‌. ഒറ്റദിവസം കൊണ്ട്‌ എന്തുപറ്റിയിട്ടുണ്ടാവും അവളുടെ ജീവിതത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തില്‍ പിരിയാമെന്ന്‌ പറഞ്ഞാല്‍ ഞാന്‍ പൊട്ടിയടര്‍ന്നുപോവുമെന്ന്‌ അവളെന്താണ്‌ ഓര്‍ക്കാതിരുന്നത്‌.
വീണ്ടും ഫോണ്‍ ശബ്‌ദിച്ചു.
``ഞാന്‍ നിന്നെ ഭയക്കുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലെത്ത സ്‌നേഹത്തിന്റെ തീക്ഷ്‌ണത എന്നിലും വന്നുചേരുന്നതു കൊണ്ടാവാം എനിക്കിപ്പോള്‍ എന്നെയും ഭയമാണ്‌.''
നീണ്ട നിശബ്‌ദതക്കൊടുവില്‍ ഫോണ്‍ നിലത്തേക്ക്‌ വീണു.
ജെന്നിഫറിന്റെ ഇഷ്‌ടങ്ങള്‍ക്കായിരുന്നു എന്നും പ്രാധാന്യം നല്‍കിയിരുന്നത്‌. അതുകൊണ്ട്‌ മഞ്ഞുതുള്ളികള്‍ വീണുടയുന്ന പുതുവര്‍ഷപുലരിയില്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
``എന്റെ ജീവിതമെന്താണ്‌ ഇങ്ങനെ?''
അരുകില്‍ വരുന്നവരെല്ലാം അല്‍പ്പായുസായി മറയുന്നു. എന്റെ ദുഖങ്ങള്‍ എന്റേത്‌ മാത്രമാണെന്ന തിരിച്ചറിവുകള്‍ ആഴത്തില്‍ പടര്‍ന്നുകയറിട്ടും ഒടുവില്‍ വേരുകള്‍ കരിഞ്ഞവ നിശ്ചലമാവുന്നു. പങ്കുവെക്കപ്പെടാന്‍ ആരുമില്ലാതെ തീവണ്ടിപ്പാളത്തിനരുകില്‍ കൃത്യത നഷ്‌ടപ്പെട്ട ചലനങ്ങള്‍ക്ക്‌ ചെവിയോര്‍ക്കാന്‍ തന്നെയാണോ എന്റെ വിധി...
എനിക്കറിയാം. ജെന്നിഫര്‍ എന്നേക്കാള്‍ ഭയന്നത്‌ അവളെ തന്നെയാണ്‌. ദാമ്പത്യമെന്നാല്‍ താളമൊപ്പിച്ചുപോകുന്നൊരു സ്വപ്‌നവണ്ടിയാണ്‌. ഒന്നുതെറ്റിയാല്‍ ശിഥിലമാകുന്ന ബോഗികളാണ്‌ അതിന്റെ അലങ്കാരങ്ങള്‍. ചെറിയ കാരണങ്ങള്‍ക്കായി കാത്തിരിക്കുന്ന യാത്രികര്‍ കൂടി അതിലുണ്ടെങ്കില്‍ വാക്കുകള്‍ക്കധീതമാണ്‌ എല്ലാം...
പിരിയാനുള്ള തീരുമാനമെടുത്തതു കൊണ്ടാവാം ജെന്നിഫറിന്റെ ഹൃദയരശ്‌മികള്‍ക്ക്‌ പഴയതിനെക്കാള്‍ ചൂടു തോന്നി. അവളുടെ ശബ്‌ദം വിറങ്ങലിച്ചിരുന്നുവെങ്കിലും അറിയാത്ത പോലെ സംസാരിച്ചു. ജെന്നിഫര്‍ പൊട്ടിയടര്‍ന്ന്‌ ഭൂമിയില്‍ വിങ്ങലുകള്‍ തീര്‍ത്ത്‌ താഴ്‌ന്നുപോകുമെന്ന്‌ പോലും ഞാന്‍ ചില നിമിഷങ്ങളില്‍ ഭയന്നു.
മരണം കാത്തു കഴിയുന്ന തടവുകാരനെ പോലെ ഞാന്‍ ശൂന്യതയിലേക്കൊഴുകി കൊണ്ടിരുന്നു. ജെന്നിഫറിനെ പിരിയേണ്ട നിമിഷങ്ങളിലേക്ക്‌ അടുക്കുംതോറും മനസ്സിന്റെ കനം കൂടി വന്നു.
ഒടുവില്‍ ആ ദിവസം വന്നു.
അതിരാവിലെ ജെന്നിഫര്‍ വിളിച്ച്‌ പുതുവത്സരാശംസകള്‍ നേര്‍ന്നു.
എന്റെ പുന്തോട്ടത്തില്‍ വളര്‍ന്ന ജമന്തിപ്പൂക്കള്‍ പറിച്ചെടുത്ത്‌ ഞാനൊരു ഹാരമായി വെച്ചിരുന്നു. മിഴികള്‍ പൂട്ടി നിന്ന്‌ അവളുടെ നിശ്വാസങ്ങള്‍ കേട്ട്‌ ആ കഴുത്തിലേക്കിട്ടു. കാതങ്ങള്‍ക്കകലെ നില്‍ക്കുന്ന ജെന്നിഫര്‍ അപ്പോഴുമറിഞ്ഞിട്ടുണ്ടാവില്ല. എന്റെ സ്വപ്‌നങ്ങള്‍ അവളുടെ ശരീരത്തെ സ്‌പര്‍ശിച്ചത്‌...
വേര്‍പിരിയലിന്റെ ആദ്യദിവസം അര്‍ദ്ധരാത്രിയില്‍ ഫോണ്‍ ശബ്‌ദിക്കുമ്പോള്‍ അത്‌ ജെന്നിഫറിന്റെതായിരിക്കുമെന്ന്‌ ഉറപ്പായിരുന്നു..കാരണം ഒരു ദിവസം പോലും പിരിഞ്ഞിരിക്കാനാവാത്ത വിധം അടുത്തുപോയിരുന്നു ഞങ്ങള്‍...നിമിഷങ്ങളെണ്ണിയെണ്ണി മടുത്തപ്പോള്‍ ആദ്യം ഫോണ്‍ ചലിപ്പിച്ചത്‌ അവളാണെന്ന്‌ മാത്രം. വിരാമമിടാനാവാതെ ഉറക്കമിളച്ചെഴുതിയ വരികകളില്‍ ഞാന്‍ കത്തിക്കൊണ്ടിരുന്നു...

``നീയറിയുക;
ഉമ്മ തന്നുണര്‍ത്തി
യാത്ര പറഞ്ഞകന്ന മഴയല്ല,
തലോടിപ്പൊള്ളിച്ച ഗ്രീഷ്‌മമല്ല,
ലക്ഷ്യമെത്താതെ
കൂട്ടിലടക്കപ്പെട്ട കാറ്റുമല്ല ഞാന്‍...
ഒരൊറ്റനക്ഷത്രം പൊഴിഞ്ഞടര്‍ന്ന്‌
നിന്നില്‍ വീണാണ്‌
ഞാനുണ്ടായത്‌...''

മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയത്‌ തീര്‍ത്തും അവിശ്വസനീയമായിരുന്നു. പറയുവാന്‍ ബാക്കിവെക്കാത്ത ദുരൂഹമായൊരു ലോകത്തെ പൂഗന്ധമൊഴുകുന്ന മേച്ചില്‍പ്പുറത്തു കൂടി തെന്നിനീങ്ങുന്ന പഞ്ഞിത്തുണ്ടുകളായി ഞങ്ങള്‍...
എനിക്ക്‌ പ്രണയമായിരുന്നു. ജ്വലിക്കുന്ന സ്‌നേഹജ്വാലകളില്‍പ്പെട്ട്‌ കത്തിയമര്‍ന്നു ഞാന്‍ അവളിലേക്ക്‌ ചാരമായി പതിച്ചുകൊണ്ടിരുന്നു. മുരണ്ട കനലുകളായി അവളെ ഞാന്‍ പൊള്ളിച്ചുകൊണ്ടിരുന്നു. ഈ ലോകം നിയോഗങ്ങളുടെ ഭാരം പേറി ബുദ്ധിമുട്ടുന്നുവെന്നും അകലങ്ങളില്‍ നിന്നും ഒരു ബിന്ദുവിലേക്ക്‌ ചുരുങ്ങി ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്നതാണ്‌ പ്രണയത്തിന്റെ നിര്‍വചനമെന്നും ഞാനറിഞ്ഞു.
വിരസമായ പകലുകളില്‍ അവളെ ശബ്‌ദത്തിലൂടെ കൂട്ടുപിടിച്ചു. നൊമ്പരങ്ങള്‍ പതിഞ്ഞുകിടന്ന ആത്മപുസ്‌തകത്താളില്‍ ആഹ്ലാദത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചിട്ടു. ഒരു ചരിത്രനഗരത്തിന്റെ സൂക്ഷ്‌മതയില്‍ വെച്ച്‌ ആദ്യമായി ഞാന്‍ ജെന്നിഫെറിനെ കണ്ടു. അവളില്‍ നിന്നു പോകാനാവാതെ ആ സാമീപ്യശബളിമയില്‍ നിന്നു. കണിക്കൊന്നപൂക്കള്‍ ശരീരത്തിലൊട്ടിച്ചേര്‍ന്ന പോലെ സുന്ദരിയായിരുന്നു അവള്‍. ആ രാത്രികളെല്ലാം ഉറങ്ങാതെ സംസാരിച്ചു. സൂര്യോദയത്തെ ശപിച്ച്‌ നിശബ്‌ദമായ രാത്രിയെ കീറിമുറിച്ച്‌ വായുവിലൂടെ പാഞ്ഞെത്തുന്ന അവളുടെ ശബ്‌ദത്തിനായി പിന്നെയും കാതോര്‍ത്തു...
തിരിച്ചുപോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു. എന്റെ വിളറിയ ചുണ്ടുകളില്‍ നിന്നാവാം ആത്മാവിന്റെ വിങ്ങല്‍ തിരിച്ചറിഞ്ഞ്‌ അവളും വിതുമ്പിയത്‌...

സുന്ദരിയായ ആ നഗരത്തില്‍ നിന്നും ഞാന്‍ മടങ്ങി. പുല്‍മേടുകളുടെ അവ്യക്തസൗന്ദര്യത്തിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക്‌ പതിയ നടന്നുമറഞ്ഞു. പതിയെ പതിയെ പകലിന്റെ സുതാര്യതയിലേക്ക്‌ ഞാനറിയാതെ കയറിപ്പൊയ്‌ക്കൊണ്ടിരുന്നു. ഒരിക്കല്‍ കൊതിച്ചിരുന്ന ബഹളവും തിരക്കും അണിയറയില്‍ നിന്നും ആഗ്രഹിക്കാത്ത വേളയില്‍ എന്റെ അരങ്ങിലെത്തി. ഓര്‍മ്മകളുടെ തിരസ്‌ക്കരണത്തില്‍ നിന്നും സ്വപ്‌നങ്ങളുടെ ചതഞ്ഞ മുഖം കണ്ട്‌ ഭയന്നു. ആദ്യമമ്പരന്നത്‌ ജെന്നിഫറായിരുന്നു. എന്റെ സൂക്ഷ്‌മസ്‌നേഹത്തിന്റെ കനലില്‍ ജലമൊഴുകിപടര്‍ന്ന്‌ കെട്ടുപോയെന്നവള്‍ പരിതപിച്ചു. പക്ഷേ..എനിക്ക്‌ മുന്നില്‍ അവളും അവളിലമര്‍ന്ന കൊന്നപ്പൂക്കളും മാത്രമെ ഉണ്ടായിരുന്നു. തിരിച്ചറിവിന്റെ ആദ്യപാഠം അവളെ കബളിപ്പിച്ചുവെന്ന്‌ ഇന്നും തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു. എന്നില്‍ നിന്നും അകലാന്‍ ശ്രമിച്ചുപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ ഷാരോണിലെ ആ പനിനീര്‍പ്പൂവ്‌. അവള്‍ക്കറിയില്ല ബന്ധനങ്ങളുടെ നദിയായ അവളിലൊഴുകിയാണ്‌ ഞാന്‍ മിന്നാമിന്നികളുടെ താഴ്‌വാരത്തിലെത്തിച്ചേര്‍ന്നതെന്ന്‌...

``ശബ്‌ദം നഷ്‌ടപ്പെടുമ്പോള്‍ വേണം
നിനക്കിനിയെഴുതാന്‍
വ്യാഖാനിക്കും തോറും
അര്‍ത്ഥം നഷ്‌ടപ്പെട്ടാണ്‌
പ്രണയത്തില്‍ നിന്നും
വിരഹം മുളക്കുന്നത്‌.

വിരലുകള്‍ക്ക്‌ ചലനമില്ലാതാകുമ്പോള്‍ വേണം
നിന്നോടിനി ഹൃദയം തുറക്കാന്‍
എഴുതിയതെല്ലാം
വ്യര്‍ത്ഥമായത്‌ കൊണ്ടാണ്‌
നീ അകല്‍ച്ചയുടെ പടവില്‍
പതിയിരിക്കുന്നത്‌...''

ജെന്നിഫര്‍,
നിനക്കെന്നെയും എനിക്ക്‌ നിന്നെയും വേര്‍പിരിയാനാവില്ല. കാരണം ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ വെച്ചാണ്‌ നാം പരിചിതരായത്‌. ദൂരങ്ങള്‍ തീര്‍ക്കാറുള്ള ശൂന്യത പോലും നമുക്കിടയില്‍ വന്നത്‌ ശബ്‌ദത്തിന്റെ ഏറ്റക്കുറച്ചിലുകളായാണ്‌. ഇനിയെങ്കിലും അറിയുക...നീ എന്റെ പ്രണയാകാശത്തിലെ ഒറ്റനക്ഷത്രമാണ്‌...

Saturday, September 12, 2009

ഓര്‍മ്മയിലെ ഓണനാള്‍ അഥവാ ആദ്യപ്രതിഷേധം

ഓണത്തെ കുറിച്ചു ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ആദ്യം കടന്നുവരിക `രുഗ്മിണി' എന്ന തമിഴ്‌സ്‌ത്രീയെയാണ്‌. പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഉത്രാടനാളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവര്‍ എന്റെ ഓര്‍മ്മകളിലേക്ക്‌ നടന്നുകയറുകയായിരുന്നു. അമ്പതിനടുത്ത്‌ പ്രായം, തടിച്ച ശരീരം, കണ്ണുകളില്‍ ദൈന്യത, അവിടവിടായി കീറിയ കോട്ടണ്‍സാരി, പിന്നിത്തുടങ്ങിയ ബ്ലൗസ്‌, ക്ലാവ്‌ പിടിച്ച ചെമ്പിന്റെ കമ്മല്‍, പോറിയ കല്ലുകളുള്ള മൂക്കുത്തി, നിറം മങ്ങിയ പ്ലാസ്റ്റിക്‌ വളകള്‍...ഇന്നും കണ്‍മുന്നില്‍ നിന്നും മായാത്ത അവരുടെ രൂപം, കാതുകളില്‍ നിന്നകലാത്ത നിലവിളിശബ്‌ദം.
ഓണം അനുഭൂതിയുടെ ഉത്സവമാണ്‌. മാസങ്ങള്‍ നീണ്ട മഴക്കൊടുവില്‍ വെയില്‍ പരക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഹൃദയങ്ങളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന ഉത്സവം. ഭൂമിയെ ചുംബിച്ചുറങ്ങുന്ന പൂവിതളുകള്‍ സ്വപ്‌നങ്ങളില്‍ ഗന്ധം ചൊരിയുന്നു. അഴകിന്റെ സമ്മോഹനങ്ങളായി കുറെ രാപ്പകലുകള്‍...അതുകൊണ്ടെല്ലാം തന്നെ ഓര്‍ക്കാനുണ്ടാകുക മനോഹരമായ അനുഭവങ്ങളാവാം. പക്ഷേ ഓണമെന്ന്‌ കേള്‍ക്കുമ്പോഴേ എന്നിലോര്‍മ്മ വരുക മുറിവുകളുടെ ആ സമ്മോഹനമാണ്‌.


ഉത്രാടനാളിലെ പകല്‍-
തൊടിയില്‍ കൊങ്ങിണിപ്പൂക്കള്‍ പറിക്കുകയാണ്‌ ഞാനും ചേച്ചിയും. വെയില്‍ കനത്തെങ്കിലും കാറ്റ്‌ ചൂടറിയാതിരിക്കാന്‍ വീശിക്കൊണ്ടിരിക്കുന്നു. അന്നൊക്കെ പൂക്കളമത്സരങ്ങളെക്കാള്‍ വാശിയായിരുന്നു പൂവ്‌ പറിക്കല്‍ മത്സരത്തിന്‌. ഏറ്റവും കൂടുതല്‍ പൂവ്‌ പറിച്ചെടുക്കുന്ന കാര്യത്തില്‍ ഞാനെന്നുമൊരു പരാജയമായിരുന്നെങ്കിലും വാശിയോടെയുള്ള ആ മത്സരം ഞങ്ങള്‍ക്കൊരു രസമായിരുന്നു.
അധ്യാപിക തല്ലിപഠിപ്പിച്ച ഏതോ കവിതയിലെ ഈരടികള്‍ മൂളുകയാണ്‌ ചേച്ചി. കമ്പില്‍ കവര കെട്ടി ഏത്തിപ്പിടിക്കാനാവാത്ത പൂക്കളെ ചായ്‌ച്ചുപിടിച്ചു പറിച്ചെടുക്കുകയാണ്‌ ഞാന്‍. പെട്ടന്നാണ്‌ വീടിനു മുകളിലെ തൊടിയില്‍ നിന്നും ഒരു സ്‌ത്രീയുടെ നിലവിളി കേട്ടത്‌.
പൂക്കൂടകള്‍ ഉപേക്ഷിച്ച്‌ ഞാനും ചേച്ചിയും ശബ്‌ദം കേട്ടഭാഗത്തേക്ക്‌ ഓടി.
ഒരു കീറിയ ചാക്കുമായി അലമുറയിടുന്ന സ്‌ത്രീ. അവരെ വടി കൊണ്ട്‌ മര്‍ദ്ദിക്കുന്ന അച്ഛന്‍.
ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.
അവരുടെ ശരീരത്തില്‍ വടിപാഞ്ഞ ഭാഗത്തെല്ലാം തിണര്‍ത്തുകിടന്നിരുന്നു. വീണ്ടും അവരെ തല്ലാനോങ്ങിയപ്പോള്‍ ഞാന്‍ വടിയില്‍ കയറിപ്പിടിച്ചു. അടുത്ത അടി കിട്ടിയത്‌ എന്റെ തുടയിലായിരുന്നു. കരഞ്ഞുകൊണ്ടോടി മുറിയില്‍ കയറിയിരുന്നു. ജനലിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മറ്റു ചിലര്‍ കൂടി അവിടെ എത്തിയിരുന്നു. ഒരേ സമയം കുറെ പേര്‍ ചേര്‍ന്നു ആ സ്‌ത്രീയെ തല്ലാന്‍ തുടങ്ങിയിരുന്നു.
``എന്തിനാ അമ്മേ ആ സ്‌ത്രീയെ തല്ലുന്നത്‌ ?'' അടുക്കളജോലിയില്‍ വ്യാപൃതയായിരിക്കുന്ന അമ്മയോട്‌ ചോദിച്ചു.
``ആ പഴയ പ്ലാസ്റ്റിക്‌ ബക്കെറ്റെടുത്തു ചവിട്ടിയൊടിച്ചു ചാക്കിലിടാന്‍ നോക്കി.'' ഒന്നും സംഭവിക്കാത്തതു പോലെയുള്ള അമ്മയുടെ മറുപടി.
മര്‍ദ്ദനം അവസാനിച്ചു.
അവരുടെ കൈത്തണ്ടയില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. കിതച്ചുകൊണ്ട്‌ കുറെനേരം ആ സ്‌ത്രീ അവിടെ തന്നെയിരുന്നു. പിന്നെ ബദ്ധപ്പെട്ട്‌ എഴുന്നേറ്റു ചിതറിക്കിടന്ന പ്ലാസ്റ്റിക്‌ അവശിഷ്‌ടങ്ങളും, ചളുങ്ങിയതും തുരുമ്പിച്ച പാട്ടകളും പെറുക്കി ചാക്കിലിട്ട്‌ നടക്കാന്‍ ഒരുങ്ങി.
``ഈ നാട്ടിലിനി കക്കാന്‍ വരരുത്‌.'' അച്ഛന്റെ നിര്‍ദ്ദേശം.
``ഇരുപത്‌ വര്‍ഷായി ഈ നാട്ടില്‍. ഒന്നും ഇതുവരെ മോഷ്‌ടിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാ...'' തമിഴ്‌ ചുവയോടെയുള്ള അവരുടെ മറുപടി.
``നീ ഒന്നും പറയണ്ടടീ...വേഗം തിരിച്ചുപോയ്‌ക്കൊള്ളു.''
വീണ്ടും ജോലി തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ അവര്‍ കരച്ചിലടക്കി നോക്കിനില്‍ക്കുകയാണ്‌.
``ഇനി അടി വേണ്ടങ്കില്‍ തിരിച്ചുവിട്ടോ.''
``കുട്ടികള്‍ വിശന്നുകരയണത്‌ കൊണ്ടാ...'' അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്‌.
അന്തരീക്ഷത്തെ കീറിമുറിച്ച്‌ ഒരിക്കല്‍ കൂടി വടി ഉയര്‍ന്നുപൊങ്ങി. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ തിരിച്ചുനടന്നു.

അവരുടെ ദയനീയമുഖം മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാവാം. പൂക്കളമൊരുക്കാനായി വലുതാക്കി കെട്ടിയ തറ ഞാന്‍ കല്ലുകള്‍ കൊണ്ട്‌ കുത്തിയിളക്കി നശിപ്പിച്ചു. പൂക്കൂടകളില്‍ നിറച്ചുവെച്ചിരുന്ന പൂക്കളിലെല്ലാം മണ്ണുവാരിയിട്ടു.
രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. എന്റെ മനസ്സിലപ്പോഴും വിശന്നിരിക്കുന്ന കുറെ കുട്ടികളും അതിനുനടുവില്‍ നിസ്സഹായയായി ഇരിക്കുന്ന ആ സ്‌ത്രീയുമായിരുന്നു.
എന്റെ സങ്കടത്തില്‍ അത്രയും നേരം പങ്കുചേര്‍ന്ന ചേച്ചി അച്ഛന്റെ അടി ഭയന്നു പിന്മാറിക്കഴിഞ്ഞു. എന്തോ വിശപ്പിനെല്ലാം അപ്പുറത്തേക്ക്‌ അവരുടെ മുഖം എന്നേ തള്ളിയിട്ടുകൊണ്ടിരുന്നതിനാലാവാം എന്റെ പ്രതികരണം തീവ്രമായിരുന്നു.
വിശന്നിരിക്കുന്നതറിഞ്ഞപ്പോള്‍ അമ്മ ചോറുവാരി തരാന്‍ വന്നു. ഞാന്‍ വേണ്ടായെന്ന്‌ ശഠിച്ചു. കുറേ നേരം എന്നെ ചുറ്റിപറ്റി നടന്നെങ്കിലും ഞാന്‍ കഴിക്കാന്‍ തയ്യാറാവാത്തത്‌ കൊണ്ട്‌ അമ്മ മടങ്ങിപ്പോയി. രാത്രി അച്ഛന്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വരില്ലെന്ന്‌ മനസ്സിലായപ്പോള്‍ എന്നെ എടുത്തുകൊണ്ടു പോയി തീന്‍മുറിയിലിരുത്തി. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്കോടി കട്ടിലിനടിയിലൊളിച്ചു. അവിടെ കിടന്ന്‌ എപ്പോഴോ ഉറങ്ങിപ്പോയി.

ഓണനാള്‍-
നേരം പുലരുമ്പോള്‍ മുറ്റത്ത്‌ പൂക്കളമൊരുക്കിയിരുന്നില്ല. അമ്മ ചായയുമായി വന്നെങ്കിലും ഞാന്‍ കുടിക്കാന്‍ തയ്യാറായില്ല. അമ്പലത്തില്‍ പോകാനായി കുളിക്കാന്‍ പറഞ്ഞെങ്കിലും അനങ്ങിയില്ല. പുതിയ വസ്‌ത്രങ്ങളിടാന്‍ അവശ്യപ്പെട്ടപ്പോള്‍ അതു കേള്‍ക്കാത്ത പോലെയിരുന്നു.
ഞാന്‍ വരില്ലെന്നറിഞ്ഞപ്പോള്‍ ചേച്ചിയും അടുത്ത വീട്ടിലെ കുട്ടികളും അമ്പലത്തില്‍ പോയി. അത്യാവശ്യ ജോലികള്‍ കഴിഞ്ഞപ്പോള്‍ അമ്മ പൂക്കളത്തിന്റെ തറ നേരെയാക്കുന്നത്‌ കണ്ടു. പിന്നെ ഞാന്‍ മണല്‍വാരിയിട്ട പൂക്കള്‍ കൈകള്‍ കൊണ്ട്‌ കുടഞ്ഞെടുത്തു തറയില്‍ നിരത്താന്‍ തുടങ്ങി.
``ഒമ്പതു ദിവസമിട്ടതല്ലേ. ഒരു ദിവസം മാത്രമായി ഇടാതിരിക്കാനാവില്ല.''
സ്വയം പറഞ്ഞുകൊണ്ട്‌ അമ്മ പൂക്കളമിടാന്‍ തുടങ്ങി.

സമയം മധ്യാഹ്നമായി.
തീന്‍മുറിയില്‍ ചോറും കറികളും പായസവുമെല്ലാം നിരന്നു.
അച്ഛന്‍ വിഷാദത്തോടെ എന്റെയരുകില്‍ വന്നിരിക്കുകയാണ്‌. എന്നെ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ കൈകള്‍ തട്ടിമാറ്റി അകന്നുമാറിയിരുന്നു.
``ആ സ്‌ത്രീയെ തല്ലണ്ടായിരുന്നു.'' അമ്മ പരിതപിച്ചു.
``മാലേം പാത്രോം ഒക്കെ മോഷ്‌ടിക്കണ കൂട്ടരാ...ശ്രദ്ധിക്കാതെ വിട്ടാ അവരത്‌ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.'' അമ്മയുടെ വാക്കുകള്‍ അംഗീകരിക്കാനാവാതെ അച്ഛന്‍ പറഞ്ഞു.
``എനിക്കിപ്പോ ആ അമ്മയെ കാണണം.'' ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
മനസ്സില്‍ അത്തപ്പൂക്കളമില്ലാത്ത ഒരു ഉമ്മറവും ഭക്ഷണമില്ലാത്ത ഒഴിഞ്ഞപാത്രങ്ങളും അതിനുചുറ്റും കരഞ്ഞുതളര്‍ന്നിരിക്കുന്ന കുട്ടികളും ദൈന്യതയോടെയിരിക്കുന്ന ആ സ്‌ത്രീയും കണ്‍മുന്നില്‍ തെളിയുകയാണ്‌. ദു:ഖത്തിന്റെ കടലിരമ്പി ആത്മാവിലേക്കടിച്ചുകയറുന്നു. മനസ്സിലെ മുറിവുകളില്‍ ഉപ്പടിഞ്ഞുകൂടി കുത്തിനോവിക്കുന്നു...
എന്റെ കരച്ചില്‍ ശക്തമായപ്പോള്‍ അവരെ തല്ലിപ്പോയത്‌ അബദ്ധമായല്ലോ എന്ന മട്ടില്‍ അച്‌ഛന്‍ അസ്വസ്ഥനാകുന്നതു കണ്ടു.
അമ്മയുടെ കണ്ണും നിറഞ്ഞുതുളുമ്പുകയാണ്‌. ചേച്ചി തീന്‍മുറിയില്‍ നിരത്തിവെച്ച ഭക്ഷണസാധനങ്ങളില്‍ ചിലതെല്ലാം ഒരു പാത്രത്തില്‍ കോരിയിട്ടു നുള്ളിപെറുക്കുന്നുണ്ട്‌.
``അവരെവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അറിയുമോ?'' അമ്മ അച്ഛന്റെ മുഖത്തേക്ക്‌ നോക്കാതെ ചോദിച്ചു.
``പോലീസ്‌ സ്റ്റേഷന്‍ റോഡിലെ പഴയ എല്‍ പി സ്‌കൂള്‍ കെട്ടിടത്തില്‍...''സൗമ്യമായിരുന്നു അച്ഛന്റെ മറുപടി.
``എന്നാല്‍ അവിടെ വരെ ഇവനേം കൊണ്ടു പോയിട്ടുവാ...''
അമ്മയുടെ ആവശ്യം അച്ഛന്‍ നിഷേധിച്ചില്ല.
പോകാനിറങ്ങുമ്പോള്‍ രണ്ടു പൊതി ചോറും അവര്‍ക്കു കൊടുക്കാനായി അമ്മ തന്നുവിട്ടു.
വണ്ടിയിലിരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ കണ്ടു. പുതിയ വസ്‌ത്രങ്ങളണിഞ്ഞു ആഹ്ലാദത്തോടെ കളിക്കുന്ന കുട്ടികളും, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ഓണപ്പാട്ടുകളും കണ്ണിനും കാതിനും അഴകേകി.
പോലീസ്‌ സ്റ്റേഷന്‍ റോഡിലെ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെത്തിയപ്പോള്‍ മുറ്റത്ത്‌ കീറി പറിഞ്ഞ വസ്‌ത്രങ്ങളുടുത്തു കളിക്കുന്ന മൂന്നു കുട്ടികളെ കണ്ടു. സ്‌കൂളിന്റെ ഒരു മൂലയില്‍ ആ സ്‌ത്രീ റൊട്ടി ചുട്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. തീ കെടുത്താനെത്തുന്ന കാറ്റിനെ ശപിച്ചുകൊണ്ട്‌ പാട്ടകൊണ്ട്‌ അടുപ്പിന്‌ ചുറ്റും മറ തീര്‍ത്തു വളരെ ശ്രദ്ധയോടെ അവര്‍ മാവു പരത്താന്‍ തുടങ്ങി.
ജോലിക്കിടെ ഞങ്ങളെ കണ്ടപ്പോള്‍ ആ സ്‌ത്രീ അല്‍പ്പം ഭീതിയോടെ എഴുന്നേറ്റു. പിന്നെ മുടി മാടിയൊതുക്കി അടുത്തേക്കു വന്നു.
അച്ഛന്‌ അവരുടെ മുഖത്തേക്ക്‌ നോക്കാന്‍ ജാള്യതയായിരുന്നു.
അവര്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ കൈയ്യിലെ പൊതി നീട്ടി.
അവരെന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന്‌ മുഖം കൈക്കുള്ളില്‍ കോരിയെടുത്തു. പിന്നെ ചോദിച്ചു.
``എന്തായിത്‌ ?''
``ഓണസദ്യ.'' ഞാന്‍ അവരോടു ചേര്‍ന്നുനിന്നു കൊണ്ടു പറഞ്ഞു.
അവര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു. ആഹ്ലാദത്തോടെ ഓടിയെത്തിയ അവര്‍ ചുറ്റിനും കൂടി. ഞാന്‍ അവരുടെ മടിയിലിരുന്നു.
പൊതിയഴിച്ച്‌ വാഴയിലയില്‍ പൊതിഞ്ഞ ചോറു കുഴച്ച്‌ ആദ്യമവര്‍ എനിക്കുനീട്ടി.
ഞാനത്‌ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. പിന്നീട്‌ കുട്ടികള്‍ക്ക്‌ വാരി കൊടുക്കാന്‍ തുടങ്ങി. ഞാന്‍ ആ മടിയില്‍ നിന്നെഴുന്നേറ്റ്‌ അച്ഛന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു അവര്‍ ഭക്ഷണം കഴിക്കുന്നത്‌ നോക്കി നിന്നു.
``ഇന്നലെ അങ്ങനെയൊക്കെ പറ്റിപ്പോയി. അതിനുശേഷം ഈ നിമിഷം വരെ ഇവന്‍ നിങ്ങളെ കാണാന്‍ വാശിപിടിച്ചുകരയുകയായിരുന്നു....''
അച്ഛന്റെ വാക്കുകള്‍ കേട്ട്‌ അവര്‍ പതിയെ ചിരിച്ചു.
``ഞങ്ങളുടെ നാട്ടില്‍ നിന്നു വരുന്ന ചിലരാണ്‌ എല്ലാത്തിനും കാരണം. ഇവിടെയുള്ളത്‌ നല്ല മനുഷ്യരാണ്‌. അനുഭവങ്ങളിലൂടെ അവര്‍ മാറുന്നതാണ്‌. എനിക്ക്‌ മോഷ്‌ടിക്കാനറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കുട്ടികള്‍ ഒരിക്കലും വിശന്നുകരയില്ലായിരുന്നു...''
ആഴത്തില്‍ തറഞ്ഞുകയറിയപ്പോയ അവരുടെ വാക്കുകളുടെ ഭാരവും പേറി അച്ഛന്‍ എന്റെ കൈയ്യും പിടിച്ചു തിരിഞ്ഞുനടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ആ സ്‌ത്രീയും കുട്ടികളും കൈവീശികാണിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നിന്നും മുത്തുതുള്ളികള്‍ ഊര്‍ന്നിറങ്ങി ഒരുപാട്‌ കുട്ടികളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ ആ മണ്ണില്‍ പിച്ചവെക്കുന്നുണ്ടായിരുന്നു.

www.kalikaonline.com (september 2009)

Friday, February 27, 2009

ജനുവരിയിലെ മഴ

ജനുവരി ഒരു കുഞ്ഞിനെ പോലെയാണ്‌.
ഓര്‍മ്മകളുടെ അരിക്‌ തട്ടി വേദനിക്കുമ്പോള്‍
അത്‌ നിര്‍ത്താതെ കരയും
ഉറച്ചുപോയ കണ്ണുനീര്‍ അന്നു മഞ്ഞായി പെയ്‌തിറങ്ങും.
വീണുകിടക്കുന്ന കരിയിലകള്‍
തണുത്ത്‌ വിറച്ച്‌ മൃതിയടയും
ഭയങ്കരമായ ഏകാന്തത
നീയില്ലാത്ത ശൂന്യത
ഞാനെങ്ങനെ പിടിച്ചുനില്‍ക്കും ?
(ജനുവരി നാല്‌)

അറിഞ്ഞിരുന്നില്ല ഞാന്‍ നിന്നെ
നിന്റെ സ്‌നേഹത്തിന്റെ നീലിമയില്‍ മുങ്ങുമ്പോഴും
നിന്റെ മായാത്ത മൗനത്തെ നെഞ്ചിലേറ്റുമ്പോഴും
ഇന്നാ ഓട്ടോഗ്രാഫിന്റെ താള്‍ മറിക്കുമ്പോള്‍ മാത്രം
ഞാന്‍ ജീവിച്ചിരുന്നുവെന്ന്‌ തിരിച്ചറിയുന്നു.
നീയിന്നെവിടെയാണ്‌ ?
അജ്ഞാതമായ ഏതോ മേല്‍ക്കൂരക്ക്‌ കീഴിലിരുന്ന്‌
എന്നെയോര്‍ക്കുന്നുണ്ടാവുമോ ?
പ്രാരാബ്‌ദത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും
ഞാനോര്‍ക്കാറുണ്ട്‌..
നീ തന്ന വസന്തകാലത്തെ...
(ജനുവരി പത്ത്‌)

ഏകാന്തതകളെ സ്വര്‍ഗ്ഗമെന്ന്‌ വിളിച്ചിരുന്നു
ബഹളങ്ങളെ നരകമെന്നും
ഇപ്പോള്‍ നേരെ തിരിച്ചാണ്‌.
വന്യമായ ഏകാന്തതകളെ ഇന്ന്‌ ഭയമാണ്‌.
നീ കൂടി അകന്നുപോവുമ്പോള്‍ മുറിവേറ്റ
സ്വപ്‌നങ്ങളെ എന്തു പറഞ്ഞു സമാധാനിപ്പിക്കും...
(ജനുവരി പതിനഞ്ച്‌)

നിലാവിന്‌ നിന്റെ നിറമാണ്‌.
മേഘങ്ങളില്‍ തട്ടി നിന്റെ സ്വപ്‌നങ്ങള്‍ തിളങ്ങുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌.
മഴക്ക്‌ നിന്റെ ശബ്‌ദമാണ്‌.
ഭൂമിയില്‍ വീണത്‌ അലിഞ്ഞില്ലാതാകുന്നത്‌ ഞാനറിയുന്നുണ്ട്‌.
സ്‌നേഹത്തിന്റെ സുഗന്ധത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍
നീ കാറ്റാകുന്നതും കടലാകുന്നതും ഞാന്‍ കാണുന്നുണ്ട്‌.
വിസ്‌മരിക്കാനാവാത്ത ഓര്‍മ്മകളുടെ പേരോ നിന്റേത്‌.
(ജനുവരി ഇരുപത്‌)

മഴയുണ്ട്‌.
പക്ഷേ മനസിലെ അഗാധമായ
ദുഖങ്ങളില്‍ നിന്നാണ്‌ അത്‌ പെയ്‌തുകൊണ്ടിരിക്കുന്നതെന്നുമാത്രം
വെയിലുണ്ട്‌
ആത്മാവിലെ അടക്കിനിര്‍ത്താനാവാത്ത മോഹങ്ങളില്‍ നിന്നാണത്‌
പൊഴിയുന്നതെന്നുമാത്രം
രണ്ടും ചേര്‍ന്ന്‌ എന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു...
ഇനിയെന്നാവും മഞ്ഞുകാലം കടന്നുവരിക...
(ജനുവരി ഇരുപത്താറ്‌)

എനിക്കവള്‍ എന്നും മഴയായിരുന്നു. ഋതുക്കളെ കാക്കാതെ എന്റെ മനസ്സില്‍ അവള്‍ ഇന്നും പെയ്‌തുകൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ ജനുവരിയില്‍ മഴയുടെ ആര്‍ദ്രമായ ഓര്‍മ്മകളിലൂടെ ഞാന്‍ മനപ്പൂര്‍വം നടന്നതായിരുന്നില്ല. മറിച്ച്‌ എന്റെ ഡയറിക്കുറിപ്പുകളില്‍ അത്‌ ചോദിക്കാതെ കടന്നുവന്നതാണ്‌. എത്രയടുത്താണെങ്കിലും, ദൂരത്താണെങ്കിലും അവളുടെ കണ്ണുനിറഞ്ഞാല്‍ ഞാനറിയുന്നതിന്റെ കാരണമാണ്‌ ഇന്നും എനിക്ക്‌ മനസ്സിലാകാത്തത്‌. ഒരുമിച്ച്‌ പഠിപ്പിക്കുമ്പോഴും സായന്തനങ്ങള്‍ ചിലവിടുമ്പോഴും ഒടുവില്‍ എന്നില്‍ നിന്നകന്ന്‌ പോകുമ്പോഴുമെല്ലാം ആ കണ്ണുകളില്‍ കണ്ട വിഷാദത്തിന്റെ നിഴല്‍ അവള്‍ എന്നിലുപേക്ഷിച്ച്‌ നടന്നുമറയുകയായിരുന്നോയെന്ന്‌ ഇന്ന്‌ സംശയം തോന്നുന്നു. വിഷാദം അടുത്തെത്തുമ്പോഴെല്ലാം അവള്‍ എന്നിലേക്കത്‌ പറത്തിവിടുന്നത്‌ അതുകൊണ്ടാണെന്ന്‌ സന്ദേഹിക്കുന്നു. ഇന്നും കുത്തിപ്പറിക്കുന്ന ഓര്‍മ്മകളുടെ തുരുത്തില്‍ പെയ്‌തുകൊണ്ടിരിക്കുന്ന ഒരു മഴയെ പറ്റി പറയാതെ പറയേണ്ടി വരുന്നു എനിക്ക്‌...

ഓരോ തവണ അടുത്തെത്തുമ്പോഴും മഴ മന്ത്രിക്കാറുണ്ട്‌. ഉറഞ്ഞുപോയ അവളുടെ കണ്ണുനീരാണ്‌ ആലിപ്പഴമായി ഞാന്‍ നിനക്ക്‌ സമ്മാനിക്കുന്നതെന്ന്‌. കണ്ണുകള്‍ ആര്‍ദ്രമാവുമ്പോഴെല്ലാം അതാണ്‌ ഞാന്‍ ആലിപ്പഴങ്ങളെ കുറിച്ച്‌ പറയുന്നത്‌. കാറ്റിനോടൊത്ത്‌ ഇക്കിളിപ്പെടുത്തി ഗാഢാലിംഗനം ചെയ്യുമ്പോഴെല്ലാം മഴ പ്രണയത്തെ കുറിച്ച്‌ വാചാലമാകാറുണ്ട്‌. വിരഹത്തിന്‌ മുമ്പ്‌ അവളുടെ ആത്മാവില്‍ എന്റെ പേരെഴുതിയിട്ടതെന്തിനെന്ന്‌ അത്‌ പതിയെ ചോദിക്കാറുണ്ട്‌.
വികൃതിചെക്കനായോ കുസൃതിയായ കൂട്ടുകാരിയായോ മഴ ബാല്യത്തിലെ അരികിലെത്തുമായിരുന്നു. പൊടിഞ്ഞമരുന്ന മണ്ണപ്പത്തിനരുകിലിരുന്ന്‌ വിതുമ്പാറുള്ള എന്റെ ഹൃദയത്തിലെ ഉഷ്‌ണഭൂമിയെ തണുപ്പിച്ചവ പതിയെ ചിരിക്കും. അവളെ പോലെ...
ചിലപ്പോഴെല്ലാം ചോദിക്കുന്നതിനൊന്നും ഉത്തരം പറയാതെ മഴ നാണം കുണുങ്ങിയായി നില്‍ക്കും. ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ ചെന്ന്‌ ഞാനവയുടെ കണ്ണുപൊത്തും. ഓലത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരയില്‍ കൈനനച്ച്‌ മുഖത്തമര്‍ത്തും. മഴയുടെ മിഴിയില്‍ ആരവത്തിന്റെ പ്രളയവും അഭിനിവേശത്തിന്റെ തിളക്കവും കണ്ടയന്നാണ്‌ അവളോട്‌ എന്റെ പ്രണയം വെളിപ്പെടുത്തിയത്‌. ഉയരമേറിയ ജാലകത്തിനരുകിലിരുന്ന്‌ കൊന്നപ്പൂവടര്‍ത്തുന്ന മഴയെ ശപിക്കുന്ന അവളത്‌ കേട്ടോയെന്നറിയില്ല...
മഞ്ഞപ്പൂക്കളടര്‍ത്താന്‍ മാത്രമായിരുന്നു മഴ പെയ്യുന്നതെന്നായിരുന്നു അവളുടെ നിര്‍വചനം. ചോദിക്കാതെ കടന്നുവന്ന്‌ ഇണചേരുന്ന മഴയെ ബാല്യം മുതല്‍ അവള്‍ വെറുത്തിരുന്നുവെന്ന്‌ ഒരിക്കല്‍ എവിടെയോ എനിക്കെഴുതേണ്ടി വന്നു. കാലത്തിന്റെ കുതിച്ചുപായലില്‍ അവള്‍ക്കത്‌ തിരുത്തേണ്ടി വന്നുവെന്നറിയാതെ. ഉഷ്‌ണശിഖരങ്ങളായി ആടിയുലഞ്ഞ അവളെ ഒടുവില്‍ തണുപ്പിച്ചതും ആ ക്രൂരനായ മഴയായിരുന്നല്ലോ...
ജീവിതത്തില്‍ കാത്തുവെച്ചിരുന്ന സൗഹൃദങ്ങളെല്ലാം കടന്നുവന്നത്‌ വര്‍ഷകാലത്തിലായിരുന്നു. നനഞ്ഞൊലിച്ച്‌ ഞാവല്‍പ്പഴ ചുവട്ടിലൂടെ പോയ പ്രഭാതങ്ങള്‍ മുതല്‍ ചുമന്ന മണ്ണ്‌ കുത്തിയൊലിച്ചിറങ്ങുന്ന സായന്തനസവാരികളില്‍ വരെ വിരല്‍തുമ്പ്‌ പിടിച്ചുനടന്ന കൂട്ടുകാരിയും മഴയുടെ സമ്മാനമായിരുന്നു...ഒടുവില്‍ എന്റെ വിരല്‍തുമ്പ്‌ വിട്ടകന്ന്‌ ശൂന്യതയുടെ ഇരിപ്പിടങ്ങളിലേക്കവള്‍ കടന്നുപോയത്‌ മഴ അതിഥിയായെത്തിയ പകലിലും. വരണമാല്യത്തിന്റെ കനം പേറാനാവാതെ നിന്ന അവളുടെ സീമന്തത്തില്‍ ആരോ പതിച്ച ചോരച്ചാലുകള്‍ എന്റെ ഹൃദയം പിളര്‍ന്ന രക്തമഴയായിരുന്നു.
പുകഞ്ഞുതീരുന്ന രാത്രികളിലൊരിക്കല്‍ മഴ മുറ്റത്ത്‌ വന്നെന്നെ നോക്കി. കാണാനാതെ നിന്ന എന്റെ കണ്‍മുന്നില്‍ ആകാശം വെള്ളിവെള്ളിച്ചം പൊഴിച്ചു. അന്നാണ്‌ രാത്രിമഴ നാഗങ്ങളെ പോലെയാണെന്നും അവയെ സ്‌പര്‍ശിച്ചാല്‍ ദംശനമേല്‍ക്കുമെന്നും ആരോ പറഞ്ഞത്‌. അശരീരിയായി വന്ന ശബ്‌ദത്തിന്റെ ഉറവിടം തിരയാതെ വാതില്‍ വലിച്ചടച്ച്‌ പിന്‍തിരിയുമ്പോള്‍ മഴയെന്ന ശപിച്ചിട്ടുണ്ടാവും. എനിക്ക്‌ വേണ്ടി മാത്രമായി വന്നിട്ടും മുഖം തിരിച്ചതിന്‌...മുഖത്തടിച്ച പോലെ സ്വപ്‌നങ്ങള്‍ വലിച്ചടച്ചതിന്‌...
കൗമാരവിഹ്വലകളോടൊപ്പം കടന്നുവന്ന കുഞ്ഞുകുഞ്ഞുതെറ്റുകളിലും മഴ തന്നെയായിരുന്നു കൂട്ട്‌. പൊടിപിടിച്ചുകിടക്കുന്ന കാല്‍പ്പാദങ്ങള്‍ കഴുകി കളഞ്ഞേ ഉമ്മറത്തേക്കെന്നെ പറഞ്ഞുവിടൂ...ചൂരലിന്റെ ചൂതാട്ടം എന്നില്‍ ആഞ്ഞുപതിയുന്നത്‌ ഭയന്ന്‌ സഹായിക്കാന്‍ വരുമ്പോഴും എനിക്കറിയില്ലായിരുന്നു ആ മനസ്സിന്റെ പരിശുദ്ധിയെ...
കലാലയമുറ്റത്ത്‌ ചിത്രം വരച്ചുകടന്നുവരാറുണ്ടായിരുന്നു മഴ. പാടങ്ങള്‍ക്ക്‌ നടുവില്‍ ഏകാകിയായി നില്‍ക്കുന്ന എന്റെ കലാലയത്തെ കെട്ടിപുണര്‍ന്നത്‌ കടന്നുപോവുമ്പോഴേക്കും നനഞ്ഞുകുളിച്ചിട്ടുണ്ടാവും. ചില്ലടര്‍ന്ന ജാലകത്തിലൂടെ ജലകണവുമായി വരുന്ന കാറ്റ്‌ എത്ര വഴക്കുപറഞ്ഞാലും തിരിച്ചുപോവാതെ ചുറ്റിപറ്റി നടക്കും. ആരെയും കുറ്റം പറയാനാവാത്ത എന്റെ മനസ്സില്‍ ഊഷ്‌മളമായ അനുഭൂതി തന്നെയായിരുന്നു ആ മഴയും അതിനോടൊത്ത്‌ കടന്നുവരാറുള്ള കാറ്റും...
കാലം ഒഴുക്കുതുടര്‍ന്നുകൊണ്ടിരുന്നെങ്കിലും മഴ ഇടക്കിടെ എന്നിലേക്ക്‌ വന്നും പോയുമിരുന്നു...ആര്‍ദ്രമായി കടന്നുപോവുന്ന ഓര്‍മ്മകളുടെ ലാളിത്യവും സ്വപ്‌നങ്ങളുടെ കരച്ചിലുമായി അത്‌ നിര്‍ത്താതെ പെയ്‌തുകൊണ്ടിരുന്നു...എന്റെ തുവാലയില്‍ കട്ടപിടിച്ചുകിടന്ന നൊമ്പരവും എന്റെ നെറ്റിയില്‍ കാലം എഴുതിച്ചേര്‍ത്തുകൊണ്ടിരുന്ന വിഷാദത്തിന്റെ നീലിമയും കഴുതിത്തുടച്ചത്‌ പൊട്ടിക്കരയുന്നു...
ഒരിക്കല്‍ അവള്‍ ചോദിച്ചതാണോര്‍മ്മ വരുന്നത്‌...
നിന്റെ മഴയില്‍ (ഒരു കവിതയില്‍) ഇത്രയേറെ കണ്ണുനീരെങ്ങനെയൊളിപ്പിച്ചു. അതിന്റെ വരികള്‍ക്കിടയില്‍ നിന്റെ സങ്കടങ്ങളുടെ ഉപ്പുരസം കൊണ്ട്‌ നീയെങ്ങനെ നിറം നല്‍കി...
ആ പ്രതിസ്‌ഫുരണങ്ങളില്‍ നിന്ന്‌ മാത്രം അവളെന്റെ ആത്മാവിലെ പ്രണയം തിരിച്ചറിഞ്ഞിരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക്‌ മുന്നില്‍ വര്‍ണ്ണങ്ങള്‍ ഒഴുകിപ്പടര്‍ന്നൊരു മഴ വന്നു...
പക്ഷേ എല്ലാ നിറങ്ങള്‍ക്കും നരച്ചേ തീരൂ. ഇനിയും വരാനിരിക്കുന്ന നല്ല മഴക്കാലത്തെ കിനാവ്‌ കണ്ട്‌ ഞാനീ ഓര്‍മ്മകളെ കഴുത്തുഞെരിച്ചുകൊല്ലുകയാണ്‌. ജീവിതം കാണാത്തവന്റെ നിസ്സഹായതയെന്ന്‌ പറഞ്ഞ്‌ അവള്‍ ചിരിക്കട്ടെ...

Monday, August 4, 2008

പെയ്‌ത്‌ തീരാതെ ഒരു പെണ്‍മഴ


എന്റെ മുന്നില്‍ ഇപ്പോള്‍ കാര്‍മേഘങ്ങള്‍ മാത്രമുള്ളൊരാകാശമുണ്ട്‌.എവിടെ നിന്നോ പാറിയെത്തിയ കൂറെ മയില്‍പീലിതുണ്ടുകള്‍ മുന്നില്‍ നിന്ന്‌ വിലപിക്കുന്നത്‌ കാണുമ്പോള്‍ ഭീതിയാവുന്നു.രാവെന്നോ പകലെന്നോ ഇല്ലാതെ എന്നിലേക്ക്‌ ആഞ്ഞടിക്കുന്ന ചുവന്ന തിരകളുടെ സീല്‍ക്കാരങ്ങള്‍. കുത്തിപറിക്കുന്ന സ്വപ്‌നങ്ങളില്‍ നിന്ന്‌ പ്രാണന്‍ പറിഞ്ഞുപോകുന്നതറിയുന്നു ഞാന്‍.അന്യമാവാന്‍ മാത്രമായി വന്ന സ്‌നേഹത്തിന്റെ പാഥേയം ശിഥിലമായി മനസില്‍ വീണു ചിതറുകയാണ്‌. ഓരോ വറ്റും പെറുക്കിയെടുത്ത്‌ ചുണ്ടോടുചേര്‍ക്കാന്‍ കരങ്ങള്‍ക്ക്‌ ശേഷിയില്ലാതായിരിക്കുന്നു.ആത്മാവ്‌ പറിഞ്ഞുപോകുന്ന വേദന.മൃതിയുടെ കറുത്ത കൈകളിലേക്ക്‌ എന്നെയെടുത്തെറിയാന്‍ ഇനിയെന്നാവും ശിശിരം വരിക.

മഴയുടെ ചിതറിയ തുള്ളികളില്‍ ഇന്നലെകളുടെ രോദനമുണ്ടായിരുന്നു..ഓര്‍മ്മകളെ പെയ്യിച്ചത്‌ ആത്മാവിലേക്ക്‌ വീണുടയുമ്പോള്‍ ഹൃദയം നഷ്‌ടങ്ങളുടെ ചുംബനം ഏറ്റുവാങ്ങുമായിരുന്നു. എവിടെ നിന്നോ എന്നിലേക്ക്‌ പറയാതെ പാറി വന്ന ശലഭമായിരുന്നു അവള്‍ `അനുപമ'. ഈ ഭൂമിയില്‍ ഏറ്റവും മനോഹരമായ മറ്റൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.പൂക്കളോടുള്ള അതിന്റെ പ്രണയത്തെ, ഇതളുകളോടുള്ള ആത്മാര്‍ത്ഥതയെ, തണ്ടുകളോടുള്ള കടപ്പാടിനെ. ഒക്കെ ഒരു കാഴ്‌ചക്കാരനായി മാറി നിന്ന്‌ വീക്ഷിക്കുകയായിരുന്നു ഞാന്‍. അവളുടെ ശബ്‌ദം, പെരുമാറ്റം ഒക്കെ എന്റെ ഹൃദയത്തിലേക്കാഴ്‌ണ്ടിറങ്ങിയത്‌ ഞാന്‍ പോലുമുറിയാതെയായിരുന്നു. പലപ്പോഴും നിര്‍വികാരികതയെയും നിഷ്‌കളങ്കതയെയും കൂട്ടുപിടിച്ച്‌ അവളോട്‌ സംവദിക്കുമ്പോഴും എന്റെ മനസിലൊരു വസന്തമുണ്ടായിരുന്നു.എനിക്ക്‌ മാത്രം സ്വന്തമായവ..എന്റെ പൂന്തോട്ടത്തിലെ കൊഴിയാനൊരുങ്ങി നില്‍ക്കുന്ന പുഷ്‌പങ്ങള്‍ക്കിടയിലേക്ക്‌ ആകസ്‌മികമായി വന്നുനില്‍ക്കുമ്പോഴും പിന്നീട്‌ ഏതോ ചെടികളുടെ ഇലകളാല്‍ അവള്‍ മറക്കപ്പെടുമ്പോഴും എനിക്കറിയാമായിരുന്നു എനിക്ക്‌ വെറുമൊരു ക്ഷണികവേദന സമ്മാനിച്ച്‌ അനു ചിരിക്കുന്നുണ്ടാവുമെന്ന്‌...
പിന്നെയാണ്‌ എനിക്ക്‌ മുന്നില്‍ വര്‍ഷകാലത്തിന്റെ ശൂന്യത വന്നത്‌। വിരഹത്തിന്റെ സംഗീതവും വേര്‍പാടിന്റെ തണുപ്പും എന്നെയാഴത്തില്‍ പുണര്‍ന്നത്‌ അവളറിഞ്ഞതേയില്ല. ഹൃദയരാഗങ്ങളുടെ ഊര്‍വരതയുമായി എന്നെ വിസ്‌മരിച്ച്‌ എന്റെ പൂന്തോട്ടത്തില്‍ നിന്ന്‌ അവള്‍ പടിയിറങ്ങിപ്പോയത്‌ എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നുവെന്ന്‌ അവളിന്നുമറിഞ്ഞിരിക്കില്ല. എന്റെ മനസിലെ മിന്നിതിളങ്ങുന്ന താരകങ്ങള്‍ പാതി കെട്ടതും എന്റെ മനസിലെ വര്‍ണങ്ങള്‍ പാതിനരച്ചതും എല്ലാം ഞാന്‍ മാത്രമറിഞ്ഞ ശിശിരത്തിന്റെ തമാശകള്‍...
ഏകാന്തതയോടായിരുന്നു എന്നും ചങ്ങാത്തം. പലപ്പോഴും അതിന്‌ പല രൂപങ്ങള്‍ നല്‍കും. എന്നിട്ട്‌ അതിനോട്‌ സംസാരിക്കും. ഇടക്കെപ്പോഴോ അതെന്നോടും. പിന്നീടാണ്‌ മഴ കുറവുള്ള മഴക്കാലരാവുകളിലും വിഭാതങ്ങളിലും ഏകാന്തതക്ക്‌ അവളുടെ പേര്‌ നല്‍കിയത്‌...തിരിച്ചൊന്നും ചോദിക്കാതെ ഇടക്ക്‌ എന്റെ ചോദ്യങ്ങളുടെ ശബളിമയില്‍ അവള്‍ ചിരിക്കുന്നതും എനിക്കായി താളത്തില്‍ പാട്ടുമൂളുന്നതും ഞാനറിഞ്ഞു. അകന്നുപോയ മനോഹരചിറകുകള്‍ വീണ്ടുമെന്നിലേക്ക്‌ പൊട്ടിമുളക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. ആയിരം കാതങ്ങള്‍ക്കപ്പുറം അവളപ്പോള്‍ ചിന്തകളുടെ ഓരത്ത്‌ പോലും എന്നെ നിര്‍ത്തിയിട്ടുണ്ടാവില്ല. ആര്‍ദ്രമാവാന്‍ മറന്ന മിഴികളില്‍ പൂമൊട്ടുകളൊളിപ്പിച്ച്‌ എന്റെ കാലൊച്ച പോലും അവള്‍ ശ്രദ്ധിച്ചിരിക്കില്ല. ഞാന്‍..വഴിതെറ്റി വരുന്ന സ്വപ്‌നങ്ങളെയെല്ലാം ആട്ടിപായിച്ച്‌ എല്ലാ അലോസരപ്പെടുത്തലുകളില്‍ നിന്നും അവളെ കാത്ത്‌ സൂക്ഷിക്കാന്‍ തണുത്തകാറ്റായി ജാലകത്തിലൂടെ കടന്നുവന്ന്‌ തിരിച്ചുപോവുമ്പോഴും അവളൊന്നുമറിയുന്നുണ്ടായിരുന്നില്ല...

പകലുകളും പകലറുതികളും അവള്‍ക്ക്‌ മുന്നില്‍ വീണുടയുമ്പോള്‍ വേനലായും വര്‍ഷമായും ആ മനസ്‌ കണ്ടുമടങ്ങിയിട്ടുണ്ട്‌ എന്റെ സ്വപ്‌നങ്ങള്‍.. അവളപ്പോള്‍ മരിച്ചുപോയൊരു സങ്കല്‍പ്പത്തിന്‌ ശ്രാദ്ധമൂട്ടുകയായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം കടന്നുവന്നൊരു പെണ്‍കുട്ടിയുടെ ദാരുണമൃത്യുവിന്റെ നിഴലുകള്‍ അപ്പോഴും അവളെ വേട്ടയാടുന്നുണ്ടായിരുന്നു. പക്ഷേ അവളെ പഴി പറയാന്‍ ആ രൂപത്തിന്റെ പുനര്‍ജന്മമായി തിരിച്ചെത്തുമ്പോഴും ഞാന്‍ അശക്തനായിരുന്നു. കാണും മുമ്പെ, സംസാരിക്കും മുമ്പെ, അറിയും മുമ്പെ എന്റെ മനസിന്റെ ഓരത്ത്‌ പിടിച്ചിരുത്തിപോയിരുന്നു ഞാന്‍. ആയിരം നഷ്‌ടവസന്തങ്ങള്‍ക്ക്‌ പകരമായി ദൈവം എനിക്ക്‌ സമ്മാനിച്ച ഒരൊറ്റദീപനാളമായിരുന്നു അവള്‍. കെടാതെ എന്നിലേക്ക്‌ വെളിച്ചം വീശി എന്നുമരികത്തുണ്ടാവണേ എന്ന ആത്മാര്‍ത്ഥപ്രാര്‍ത്ഥന മാത്രം. അവളെ നുള്ളിനോവിക്കാന്‍ അസൂഖങ്ങളെത്തുമ്പോഴെല്ലാം ഉള്ളുരുകി കരഞ്ഞിരുന്നു ഞാന്‍. ആഴത്തില്‍ മനസില്‍ പതിഞ്ഞുപോയ ഒരു ചിത്രത്തെ പരിപാലിച്ചുപോരേണ്ട ദൗത്യം അവളറിയാതെ ഏറ്റെടുത്തിരുന്നു ഞാന്‍. ഒരു ഏകാകിനിയില്‍ നിന്ന്‌ ശലഭത്തിന്റെ ചിറകുകളുമായി എന്റെ ശ്രീകോവിലിലെ ദേവിയായി അവള്‍ പരിണമിക്കുമ്പോള്‍ ഞാന്‍ വെറുതെ മോഹിച്ചു. അവള്‍ വന്നതും എന്റെ മനസില്‍ ആനന്ദത്തിന്റെ പൂ ചൊരിഞ്ഞതും എന്നും ബാക്കിയാവുമെന്ന്‌...
സ്‌നേഹം പലപ്പോഴും അടുത്തു വന്ന്‌ കൊതിതീരും മുമ്പ്‌ പറന്നുപോയതാണ്‌॥ ചിലതെല്ലാം അടുത്തുവരും മുമ്പെ ശിഥിലമാവുകയും ചെയ്‌തു। മുറിഞ്ഞുതീരാനായി മാത്രം വന്ന ചിലത്‌ വേറെയും..ഇങ്ങനെയെല്ലാം വീര്‍പ്പമുട്ടിയപ്പോഴാണ്‌ വരികളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയത്‌. പലതും ആരെയും കാട്ടാതെ പുസ്‌തകതാളിലൊളിപ്പിച്ചുവെച്ചു. പിന്നീട്‌ കാറ്റിലേക്കത്‌ പറത്തിവിടുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനനുഭവിക്കുന്ന ശൂന്യത ബാക്കി കിടക്കുകയായിരുന്നു. അന്നെല്ലാം വേദനയില്‍ നിന്ന്‌ മുക്തി നേടാന്‍ മറ്റു പോംവഴികളില്ലായിരുന്നു..ഈ എഴുത്തല്ലാതെ...

അവള്‍ ചിന്തിക്കുന്നുണ്ടാവും എന്റെ ചെറിയ വേദനകളുടെ ആഴങ്ങളെ പറ്റി.മനസിന്റെയുള്ളില്‍ ഒളിച്ചുവെച്ചതെല്ലാം ആ കൂട്ടുകാരിയുടെ മുന്നില്‍ തുറന്നിടേണ്ടി വരുന്നു എനിക്ക്‌...
ആദ്യമായി ഞാന്‍ വല്ലാതെ വേദനിച്ച ദിവസം എന്റെ കൂട്ടുകാരി ആത്മഹത്യ ചെയ്‌തയന്നായിരുന്നു. തലേദിവസം ആത്മഹത്യയെ പറ്റി ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചിരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായാണ്‌ അവള്‍ എത്തിയതെന്ന്‌ തിരിച്ചറിയാന്‍ ഞാനും വൈകി. മറ്റെല്ലാ സുഹൃത്തുകളും സ്വയംഹത്യക്കെതിരെ ശബ്‌ദമുയര്‍ത്തിയപ്പോള്‍ എനിക്കതിനെ അനുകൂലിക്കേണ്ടി വന്നു..അമ്മ നഷ്‌ടപ്പെട്ട അവളെ മറ്റൊരു രീതിയില്‍ ഒരു കഥയില്‍ വിവരിക്കാന്‍ ശ്രമിച്ചിരുന്നു...

നട്ടുച്ചക്ക്‌ വെളുത്ത പുതപ്പണിഞ്ഞ്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കുമ്പോള്‍ ആ മുഖത്തെ തിളക്കം ജീവനുള്ളപ്പോള്‍ പോലും അവളില്‍ കണ്ടിട്ടില്ല ഞാന്‍. മെഴുകുതിരികളെ അകമ്പടി നിര്‍ത്തി അവളില്‍ നിന്ന്‌ വേര്‍പിരിയുമ്പോള്‍ മനസ്‌ ഒരിക്കലുമില്ലാത്ത വിധം ശൂന്യമാവുമായിരുന്നു. തോന്നുമ്പോ ക്ലാസില്‍ വരാറുള്ള ക്ലാസ്‌ കട്ട്‌ ചെയ്യാറുള്ള ആ കലാലയത്തിലെ ഒരേയൊരു പെണ്‍കുട്ടി അവളായിരുന്നു. കുസൃതിപെണ്ണെന്ന്‌ മുദ്ര കുത്തുമ്പോഴും അവളുടെ വികൃതികള്‍ ആസ്വദിക്കാനായിരുന്നു എനിക്കിഷ്‌ടം...അവളുടെ മാംസത്തിന്‌ വേണ്ടിയുളള പിതാവിന്റെ മോഹമായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍ മനസില്‍ നിസംഗത നിറഞ്ഞു. അവള്‍ ചെയ്‌തതാണ്‌ ശരിയെന്ന്‌ മറ്റൊരുമറിയാതെ പറഞ്ഞു.

അകാരണമായ വഴക്കായിരുന്നു വീട്ടില്‍ പലപ്പോഴും..ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോഴാണ്‌ പലപ്പോഴും കുന്നിന്‍ചെരുവിനെയും പുഴയെയുമൊക്കെ ആശ്രയിക്കുക. അച്ഛനും അമ്മയും വര്‍ഷങ്ങളോളം സ്‌നേഹിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടാവാം എനിക്കോര്‍മ്മയുള്ള കാലം മുതല്‍ വഴക്കില്ലാത്ത ദിവസങ്ങളെ ഇല്ലായിരുന്നു..ദുശീലങ്ങളൊന്നുമില്ലാതിരുന്ന അച്ഛന്‍, ശാഠ്യങ്ങളൊന്നും സൂക്ഷിക്കാത്ത അമ്മ എന്നിട്ടും അവര്‍ക്കിടയില്‍ എങ്ങനെ വഴക്കുകള്‍ കടന്നുവരുന്നുവെന്നോര്‍ത്ത്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ഞാന്‍...ഇതിനിടയില്‍ കിടന്ന്‌ വീര്‍പ്പുമുട്ടുമ്പോള്‍ രാത്രിയെ വക വെക്കാതെ ഇറങ്ങിപോകും...പരന്നുകിടക്കുന്ന പാടത്ത്‌ നീണ്ടുനിവര്‍ന്ന്‌ കിടക്കും. നക്ഷത്രങ്ങളോടും കാറ്റിനോടും ചന്ദ്രബിംബത്തോടും സംസാരിക്കും...ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീര്‍പ്പുമുട്ടുന്ന മറ്റൊരു സുഹൃത്തുമുണ്ടാവും ചിലപ്പോഴെല്ലാം...പിന്നെ ഞങ്ങള്‍ നിലാവിന്റെ അകമ്പടിയില്‍ പുഴക്കടവിലേക്ക്‌ നടക്കും. തിരിച്ചെത്തുമ്പോഴേക്കും കടല്‍പോലെ ശാന്തമായിരിക്കും വീട്‌. ഇങ്ങനെ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ കൂറെ വര്‍ഷങ്ങള്‍. ആത്മാവിനെ നുള്ളിപറിക്കുന്ന വെറും ഓര്‍മ്മകള്‍ മാത്രമായി ഇന്നവ മാറിയെന്നിരിക്കെ ബഹളമില്ലാത്ത വീടാണ്‌ ഇന്നെന്നെ അലോസരപ്പെടുത്തുന്നത്‌.

കലാലയത്തിലെ ബഹളങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുമ്പോഴും കാര്യമായ സൗഹൃദങ്ങളൊന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല എനിക്ക്‌. മിക്കപ്പോഴും ഒറ്റക്ക്‌ ഒതുങ്ങിക്കൂടും. സ്‌കൂള്‍ ജീവിതം വിട്ട്‌ കോളജിലെത്തുമ്പോള്‍ ആര്‍ക്കുമുണ്ടാകുന്ന ഒരു തരം ഭയപ്പാട്‌. ആദ്യ രണ്ടുവര്‍ഷം നന്ദിത ടീച്ചറായിരുന്നു ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നത്‌..(അവരുടെ ഓരോ ചലനങ്ങളും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്‌...). പിന്നീട്‌ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ അല്‍പമെങ്കിലും സൗഹൃദത്തിന്റെ തലോടലറിയാന്‍ കഴിഞ്ഞത്‌. ആ മൂന്നു വര്‍ഷത്തെ ജീവിതം പൂര്‍ണമായും ആനന്ദപ്രദമായിരുന്നു എന്ന്‌ പറയാനാവില്ല. ഞാന്‍ കണ്ടെത്തിയ ചില സൗഹൃദങ്ങള്‍ എന്റെ മാത്രം സൗഹൃദങ്ങളായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ ഏറെ വൈകി. ആദ്യനോട്ടത്തില്‍ അധ്യാപകനെ കുറ്റം പറഞ്ഞ കൂട്ടുകാരി അയാള്‍ക്കൊപ്പം ജിവിതത്തിലേക്കിറങ്ങിപ്പോയപ്പോള്‍ വല്ലാതെ പകച്ചുപോയി ഞാന്‍. കൗമാരമിറങ്ങിപ്പോകും മുമ്പെ ഇരുപത്‌ വയസെങ്കിലും അധികമുള്ള അയാള്‍ക്കൊപ്പം അവള്‍ ഇറങ്ങിപ്പോയത്‌ എന്നെ മാത്രമല്ല. ചില അധ്യാപകരെയും കൂട്ടുകാരെയുമെല്ലാം തളര്‍ത്തികളഞ്ഞു...അവള്‍ എന്റെ കൂട്ടുകാരിയായിരുന്നെങ്കിലും ഞാനവളുടെ ആരുമായിരുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ ആദ്യത്തെ സംഭവമായിരുന്നു അത്‌. ഇല്ലെങ്കില്‍ എന്തെങ്കിലുമൊരു സൂചന നല്‍കുമായിരുന്നില്ലേ അവള്‍. അതേ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ മറ്റൊരു കൂട്ടുകാരിയെ ഒരാള്‍ നശിപ്പിച്ചത്‌. കുട്ടികളെല്ലാം സ്വയം നീറിയില്ലാതായ ദിവസങ്ങളായിരുന്നു അത്‌. ഇതിനിടയില്‍ മതപരിവര്‍ത്തനത്തിന്റെ പാതയില്‍പെട്ടുപോയ ഒന്നു രണ്ടു പേര്‍. പ്രാരാബ്‌ദങ്ങളുടെ തീയില്‍ ഉരുകിതുടങ്ങിയവര്‍ക്ക്‌ ആശ്രയം നല്‍കുന്നതായിരുന്നു ഇത്തരം കേന്ദ്രങ്ങള്‍. അതിന്റെ ഏജന്റുമാരായ സ്വന്തം കൂട്ടുകാര്‍ തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങനെയൊരു ചതിക്കുഴിയില്‍ അറിയാതെ പെട്ടുപോകുകയായിരുന്നു പലരും. വിധേയത്വമെന്ന വാക്കിനെ വല്ലാതെ വെറുത്തുപോയി ചില വേദനിപ്പിക്കുന്ന കഥകള്‍ കേട്ടപ്പോള്‍...
മൂന്നു വര്‍ഷത്തിന്‌ തിരശീല വീഴുമ്പോള്‍ ഒരിക്കല്‍ കൂടി തിരിച്ചെത്തണമെന്നുണ്ടായിരുന്നു അതേ കലാലയത്തില്‍. ആടിതിമര്‍ത്ത കലോത്സവവേദികളും ഓര്‍മ്മയില്‍ തെളിയുന്ന ചില ബന്ധങ്ങളും എന്നെ വീണ്ടും വലിച്ചടുപ്പിക്കുകയായിരുന്നു അവിടേക്ക്‌.
പിന്നിയും ശിഥിലമാവാന്‍ മാത്രം കുറെ ബന്ധങ്ങള്‍. കൂട്ടിയോജിപ്പിക്കാനാവാതെ മുറിച്ച്‌ പോയ പ്രണയങ്ങള്‍, സൗഹൃദങ്ങള്‍, നൈരാശ്യങ്ങള്‍..

അനുവിലേക്ക്‌ തന്നെ തിരിച്ചുവരേണ്ടി വരുന്നു എനിക്ക്‌...
ഒരു ദിവസം ഒരു മെയിലിന്റെ രൂപത്തില്‍ ഓടി കയറിവരുമ്പോള്‍। ഭീതിപ്പെടുത്തുന്ന നിസംഗതയായിരുന്നു മനസില്‍. പിന്നീട്‌ വീണ്ടുമൊരിക്കല്‍ കൂടി അവളുടെ അക്ഷരങ്ങള്‍ എന്നോട്‌ കൂട്ടുകൂടിയപ്പോള്‍ ആ പേരും ഞാന്‍ സൃഷ്‌ടിച്ചെടുത്ത രൂപവുമെല്ലാം സ്വന്തമാക്കിയ ആഹ്ലാദമായിരുന്നു മനസില്‍. വറ്റിവരണ്ട മനസിലേക്ക്‌ തണുത്തമഴ ചാറിച്ചുള്ള ആ വരവിനോടാണ്‌ ആദ്യമായി ഞാന്‍ നന്ദി പറയേണ്ടത്‌. വാക്കുകള്‍ പലതും ഞാനറിയാതെയാണ്‌ എന്നില്‍ നിന്ന്‌ പൊഴിഞ്ഞിരുന്നത്‌॥മിക്കതും അതിജീവനത്തിനായി കുറിച്ചിട്ടവ..അവളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ചില വരികളുണ്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസില്‍. പിന്നീടാണ്‌ അവളുടെ ശബ്‌ദം കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചത്‌. അവളുടെ സങ്കല്‍പത്തെ കീറിമുറിച്ച്‌ കുറച്ചുവാക്കുകളെ കൂടി പറത്തിവിടുമ്പോള്‍ എന്തെന്നില്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. അതവിടെ കിട്ടുമ്പോള്‍ ആ മുഖം (എന്റെ മനസിലെ) ചുവക്കുന്നതും ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതും കണ്ട്‌ ഞാന്‍ വല്ലാതെ ഭയന്നിരുന്നു..ഒടുവില്‍ അവള്‍ വിളിക്കുന്നത്‌ തിരിച്ചറിഞ്ഞപ്പോള്‍ ഞാനില്ലാതാകുന്നതായി തോന്നി. പിന്നീട്‌ ആര്‍ക്കോ വേണ്ടി യാത്ര പറഞ്ഞുപിരിഞ്ഞപ്പോ ഞാന്‍ കണ്ടതും തിരിച്ചറിഞ്ഞതുമായ സ്വപ്‌നങ്ങളെല്ലാം എന്നേന്നേക്കുമായി എനിക്കന്യമായി.
വീണ്ടുമൊരു വസന്തകാലം തീര്‍ക്കാന്‍ എന്നിലേക്ക്‌ കടന്നുവരുമ്പോഴും ഇത്രവേഗം അവള്‍ മടങ്ങുമെന്നറിയില്ലായിരുന്നു എനിക്ക്‌.

അവളെ കൂട്ടുകാരി എന്നുവിളിക്കുമ്പോഴും വെറുമൊരു കൂട്ടുകാരിയായിരുന്നില്ല.സൗഹൃദമെന്ന മുള്ളുവേലി പാകി മനസിലെ തളച്ചിട്ടതുകൊണ്ടാവാം എന്റെ മനസിലെ പ്രണയം തുറന്നുപറയാന്‍ വല്ലാത്ത ഭയമായിരുന്നു.എല്ലാമിട്ടെറിഞ്ഞ്‌ ഓടിപോയാല്‍ പിന്നീടൊരിക്കലും അവള്‍ വരില്ലെന്ന ആശങ്ക തന്നെയാവാം അതിന്‌ കാരണം. എന്റെ വിധിയുടെ താളവും രാഗവും എന്നും തിരിച്ചറിയാന്‍ കഴിയുന്നത്‌ കൊണ്ടാവാം. എന്റെ മനസ്‌ അവളുടെ മുന്നില്‍ തുറന്നിടാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും. പിന്നെ വരുന്നത്‌വരട്ടെയെന്ന്‌ നിനച്ച്‌ അവളെ ജീവിതത്തിലേക്ക്‌ വിളിക്കാന്‍ ഒരുങ്ങുമ്പോഴാണ്‌ പുതിയ വെളിച്ചത്തിലേക്ക്‌ അവള്‍ യാത്ര പോകാനൊരുങ്ങുന്നുവെന്ന്‌ തിരിച്ചറിഞ്ഞത്‌. ഉള്ളിലെ നീറ്റല്‍ മറച്ചുപിടിച്ച്‌ സംസാരിക്കുകയായിരുന്നു പിന്നീട്‌. ഒരാകാശത്തോളം കടലോളം അവളെ ഞാന്‍ സ്‌നേഹിച്ചിരുന്നു. മറക്കാന്‍ ശ്രമിക്കുമെന്നുള്ളതെല്ലാം എന്റെ വെറുംവാക്കാണ്‌. ഒന്നറിയാം.കാലം എനിക്ക്‌ മുന്നില്‍ വരക്കുന്ന ചിത്രങ്ങളുടെ ശക്തിപോലിരിക്കും ഇനിയുള്ള ദിവസങ്ങളുടെ ഭംഗി.

അകലെ ഏതോ പുഴയുടെ തീരത്ത്‌ ഓര്‍മ്മകളുമായി പടവെട്ടി ജീവിതത്തിന്റെ വിണ്ടുകീറിയ വഴികളിലൂടെ സഞ്ചരിക്കുന്നുണ്ടാകും അവള്‍. അനുവിന്റെ നഷ്‌ടം എന്നെ കൊണ്ടെഴുതിച്ച വരികള്‍ മാത്രം ചുറ്റിനും നിന്ന്‌ എന്നെ കല്ലെറിയുന്നുണ്ട്‌...

``ഓട്ടോഗ്രാഫില്‍ നിന്ന്‌
അവശേഷിച്ച ഇന്ദ്രിയവും മുറിച്ചുമാറ്റി
ചിതറി വീണ രക്തതുള്ളികള്‍
നീ സമ്മാനിച്ച തുവാല ഒപ്പിയെടുത്തു
തിരിച്ചുതരാന്‍ മറന്ന ഹൃദയം
സ്‌പന്ദനം ചെയ്യുന്നുണ്ടിന്നും
കരള്‍ പാതി വെന്തെങ്കിലും
ചലനാത്മകതയുണ്ടിന്നും
പക്ഷേ...
അഗ്നിയാളി തീരുന്ന നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം
മരണശയ്യയുടെ നിശബ്‌ദതയില്‍ വിരാമത്തിന്റ
പടികള്‍ കയറുന്നു...''

Monday, June 2, 2008

മഴയും മരണവും മയില്‍പ്പീലിയും

"ഞാനൊരു തീര്‍ത്ഥയാത്ര പോയി.
ഇന്നുവരെ പോയിട്ടില്ലാത്ത
ഒരു മനസ്സിന്റെ അഗാധതയിലേക്ക്...
ഒരു അരുണിമ കണ്ട് ഞാനടുത്ത് ചെന്നു...
ആ ജ്വാലകളുടെ അഗ്നിയില്‍
എരിഞ്ഞടങ്ങിയ ഒരു പ്രണയത്തിന്റെ
നൊമ്പരങ്ങളുണ്ടായിരുന്നു അതില്‍
ഞാനവയെ വായിച്ചെടുക്കാന്‍ ശ്രമിച്ചു."

ഓര്‍മ്മകളില്‍ ഇടക്കെല്ലാം കറുത്ത പുകതുപ്പി വരുന്ന നരച്ച തീവണ്ടിയുണ്ട്.ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമുള്ള ഭൂമിയിലൂടെ പാളത്തെ ഞെരിച്ചമര്‍ത്തി അത് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു.ആ തീവണ്ടിയെ ഞാന്‍ മരണമെന്ന് വിളിക്കും.ആത്മാവിന്റെ അഗാധതയില്‍ നിന്നും ജീവനെ തൂത്തെടുത്ത് ശൂന്യതയിലേക്ക് വലിച്ചെറിയുന്ന മരണമെന്ന്.
എന്റെ പുസ്തകതാളുകള്‍ക്കിടയില്‍ ഇപ്പോഴും എഴുന്നേറ്റ് പായാന്‍ കൊതിക്കുന്ന അവളുടെ അക്ഷരങ്ങളുണ്ട്.വായിക്കുംതോറും മനസിന്റെ ഉള്ളറകളിലേക്ക് വന്യമായ ഭീതിപടര്‍ത്തുന്ന വാക്കുകളുടെ കൂട്ടഹത്യ.അസ്തമയം കാണുമ്പോള്‍ ചോരയോടുപമിക്കുന്ന,മഴ കാണുമ്പോള്‍ പ്രളയത്തെ മോഹിക്കുന്ന, ഇളങ്കാറ്റ് തഴുകി കടന്നുപോകുമ്പോള്‍ കൊടുങ്കാറ്റിനെ സ്വപ്നം കാണുന്ന അവളുടെ കത്തുന്ന ചിന്താധാരകള്‍.
കടുത്തനൊമ്പരങ്ങളുടെ തീച്ചൂളയില്‍ ബാഷ്പമായിപ്പോയ അവളുടെ കണ്ണുനീര്‍ മഴയായിപെയ്യുന്ന രാത്രിക്കായി...പകലിനായി.. ഞാനിന്നും കാത്തിരിക്കുകയാണ്...വര്‍ഷങ്ങള്‍ നമുക്ക് മുന്നില്‍ വീണുചിതറിയാലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ അനായാസമായി തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ അവളുടെ മധുര ശബ്ദത്തിനായി ഒരിക്കല്‍ കൂടി ഞാന്‍ കാതോര്‍ക്കുകയാണ്.
അവധിദിവസങ്ങളില്‍ ഇന്നും ഞാന്‍ പഴയ കലാലയത്തിന്റെ ഇടനാഴികളിലൂടേ സഞ്ചരിക്കാറുണ്ട്.ആടിതിമിര്‍ത്ത വേദിയില്‍ ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ ഏകാന്തതയെ കൂട്ടുവിളിക്കാറുണ്ട്.പെയ്തുതോരാന്‍ മടിക്കുന്ന വര്‍ഷകാലപകലുകളില്‍ ശൂന്യതയുടെ ഇരിപ്പിടത്തിലിരുന്ന് നഷ്ടപ്പെട്ടുപോയ സൌഹൃദങ്ങളെക്കുറിച്ചോര്‍ത്ത് പരിതപിക്കാറുണ്ട്...ഇതിനിടയിലെപ്പോഴോ അവളും കടന്നുവരും. കൃഷ്ണപ്രിയ.
ദൂരെനിന്ന് നനഞ്ഞൊലിച്ച് കടന്നുവരുമ്പോഴേ തിരിച്ചറിയാനാകും...അതവളാണെന്ന്..കസവുകള്‍ അരികുപാകിയ പാവാടയും ബ്ലൌസുമണിഞ്ഞ് തുളസിമാലയുമിട്ട് ഓര്‍മകളുടെ രാജകൊട്ടാരത്തിലേക്ക് അവള്‍ കയറിപ്പോവും...
ആത്മാവിനെ കീറിമുറിച്ചായാലും അവളെ പുറത്തെടുത്ത് അരികില്‍ നിര്‍ത്താന്‍ ഞാന്‍ വല്ലാതെ കൊതിക്കും.ഒരുപക്ഷേ കത്തുന്ന മിഴികളും, ജ്വലിക്കുന്ന മുഖവുമായി ഈ ലോകത്തെവിടെയെങ്കിലും അവളുണ്ടാവും.സ്വപ്നങ്ങളുടെ കടല്‍ ഉള്ളില്‍ തിളച്ചുമറിയുന്നത് കൊണ്ട് ഞാനാഗ്രഹിച്ചുപോകുകയാണ്..എന്നെ സ്നേഹിക്കാന്‍..കുത്തിക്കീറാന്‍,വേദനിപ്പിക്കാന്‍..സാന്ത്വനിപ്പിക്കാന്‍..ഒരിക്കല്‍കൂടി അവള്‍ വന്നിരുന്നെങ്കില്‍...
വേദനയില്‍ പൊതിഞ്ഞ് നല്‍കുമ്പോഴാണ് സ്നേഹം ഊഷ്മളമാകുന്നതെന്ന തിരിച്ചറിവ് നല്‍കിയ,ഉള്ളിലുള്ളത് മറച്ചുപിടിച്ചാല്‍ നഷ്ടപ്പെടുത്തുന്ന ദിവസങ്ങള്‍ ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന് പറഞ്ഞ..വരണ്ടുപോയ മോഹങ്ങളുടെ വറുതിയില്പോലും പുഞ്ചിരിക്കാറുള്ള എന്റെ കൃഷ്നയെ കണ്ടുമുട്ടിയിരുന്നെങ്കില്‍...
"മരിച്ചവര്‍ അവരുടെ തീരുമാനത്തില്‍തന്നെ
ഉറച്ചുനില്‍ക്കുന്നു
മറ്റൊരു മരണം മരിക്കുന്നില്ല."
മഴയുടെ നാനാര്‍ത്ഥങ്ങളിലൂടെ നൊമ്പരത്തിന്റെ നിഴലുകള്‍ പെറുക്കിക്കൂട്ടി ഞാനെഴുതിയ ആ‍ കവിത അവള്‍ സൂക്ഷിക്കുന്നുണ്ടോ എന്നറിയില്ല.പക്ഷേ ഒക്ടേവിയാ പാസിന്റെ വാചകങ്ങള്‍ കോര്‍ത്തിണക്കി മരണത്തെക്കുറിച്ച് അവളെഴുതിത്തന്ന ലേഖനം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്.മരണം,മഴ,മയില്‍പ്പീലി തുടങ്ങിയ വൈകാരികബിംബങ്ങള്‍ മാത്രമാണ് മത്സരിച്ചെഴുതുമ്പോഴും ഞങ്ങള്‍ക്ക് വിഷയങ്ങളായി കണ്ടെത്താനായിരുന്നത്.ഒരു പക്ഷേ ബലഹീനതയാവാം.ചാപല്യങ്ങള്‍ക്ക് പിന്നാലെ ഒരു തീവണ്ടിയായി ഇഴഞ്ഞുനീങ്ങുകയായിരുന്ന രണ്ട് മനസ്സുകള്‍ കണ്ടതും,തിരിച്ചറിഞ്ഞതും ശൂന്യത മാത്രമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിയിരുന്നു.വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പഴയ വിദ്യാലയത്തിന്റെ ചവിട്ടുപടികളില്‍ തന്നെ ഇന്നും അവളും ഞാനും കുരുങ്ങിക്കിടക്കുകയാണ്..
കണ്ട് മുട്ടിയത് നിരര്‍ത്ഥകത എന്നെ ആകമാനം പൊതിഞ്ഞ ഒരു നട്ടുച്ചയിലാണ്.കാറ്റിന്റെ താളത്തിനൊത്ത് മഴ ചെരിഞ്ഞിറങ്ങുന്ന ആ പകലില്‍ ചുവന്നവസ്ത്രം ധരിച്ച് പാതിനനഞ്ഞ് കോളേജ് റോഡിലൂടെ അവള്‍ പതിയെ നടന്നുനീങ്ങുമ്പോള്‍ പിന്നില്‍ നനഞ്ഞൊലിച്ച് ഞാനുമുണ്ടായിരുന്നു...പിന്നിലേക്ക് തലവെട്ടിച്ച് അവള്‍ പുഞ്ചിരിച്ചു.മുഖക്കുരുക്കള്‍ പഴുത്തുനിന്നിരുന്ന അവളുടെ വെളുത്തമുഖത്ത്കൂടി വെള്ളതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത് നോക്കി ഞാന്‍ തിരിച്ചും.
ക്ലാസ്സ് തുടങ്ങിയിരുന്നു.
നനഞ്ഞൊട്ടി കയറിച്ചെല്ലുന്നതിലും നല്ലത് പോവാതിരിക്കുന്നതാണെന്ന് മനസ്സ് പറഞ്ഞു.ഒഴിവുസമയങ്ങളില്‍ സാധാരണ ഇരിക്കാറുള്ള ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് പോയി.മഴ വല്ലാതെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു.വെള്ളത്തുള്ളികള്‍ കാറ്റിന്റെ താളത്തിനൊത്ത് ജനലിലൂടെ അകത്തേക്ക് കടന്ന് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഷര്‍ട്ട് പിഴിഞ്ഞെടുത്ത് ധരിച്ചശേഷം ഡസ്കില്‍ കയറിയിരുന്നു.
അപ്രതീക്ഷിതമായി കൃഷ്നപ്രിയ കടന്നുവന്നു.
"നല്ല മഴ..ല്ലെ?" ചിരിച്ചുകൊണ്ടവള്‍ എന്റെ മുഖത്തേക്ക് നോക്കി
എന്തു പറ്റി ഇന്നു വൈകാ‍ന്‍?
ഗിരിയെന്താ ഇന്നു വൈകിയത്?എന്റെ ചോദ്യത്തിന് അവള്‍ മറുചോദ്യമുന്നയിച്ചു.
ഞാനെന്നും ഇങ്ങനെയൊക്കെതന്നെയാണ്.
എന്റെ ഉത്തരം കേട്ട് മുഖത്ത് ഗൌരവം വരുത്തി അവള്‍ പറഞ്ഞു.
ഞാനും..
ഇവളാള് കൊള്ളാലോ പറ്റിയ കൂട്ട് തന്നെ.
മനസ്സില്‍ വന്നത് പുറത്ത്പറയാതെ അവളിലേക്കും ആ ജീവിതത്തിന്റെ വിശാലതയിലേക്കും വാക്കുകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.ഒരുമണിക്കൂര്‍ കഴിഞ്ഞ് പിരിയുമ്പോള്‍ തിരിച്ചറിയുകയായിരുന്നു ഓരോ ദിവസവും ജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ വ്യത്യസ്തതകളെപറ്റി.പരസ്പരം അറിയാമായിരുന്നിട്ടും പരിചയപ്പെടാന്‍ വൈകിയ നിമിഷങ്ങളെപറ്റി.

ദിവസങ്ങള്‍ക്കകം ഞങ്ങള്‍ വല്ലാതെയടുത്തു.മനസ്സിലുള്ളതെല്ലാം ഒരുപകലില്‍ കൃഷ്ണ കണ്ടെത്തിയപ്പോള്‍ ഞാനാകെ ചുരുങ്ങിപ്പോയി...
എത്ര ദിവസമായി എന്നോട് പറയാനുള്ളതെല്ലാം മനസ്സിലിങ്ങനെ കൊണ്ട് നടക്കുന്നു?
എല്ലാമൊന്ന് തുറന്ന് പറഞ്ഞ് ഈ കനം കുറച്ചൂടേ?
അവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.
എനിക്കറിയാം..ഗിരിയെന്നെ വല്ലാതെ സ്നേഹിക്കുന്നു..നിന്റെ മനസ്സില്‍ അധിനിവേശമായി എത്തിയ ആ മഴ ഞാനല്ലേ...മനസ്സില്‍ സ്നേഹം പുരട്ടി തടവിയ ആ മയില്‍പ്പീലിത്തുണ്ട് ഞാനല്ലേ.എഴുതുന്ന വരികളിലെല്ലാം ഞാന്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു..ല്ലേ?
അതേ
എന്റെ നേര്‍ത്തശബ്ദം കേട്ട് നിശബ്ദയായി അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ,അവളുടെ നെറ്റിയില്‍ ഉണങ്ങി കിടന്നിരുന്ന നീലഭസ്മവും,കൈകളില്‍ ചുറ്റിയിട്ട തുളസിമാലയും ആ ചതിയുടെ നിഗൂഢത മറച്ചുകളഞ്ഞു.

സ്നേഹം ശത്രുവിനെപ്പോലും മിത്രമാക്കുമെന്ന് പറയുന്നത് വെറുതെയല്ലെന്ന് ജീവിതം പഠിപ്പിച്ചത് അവളുമൊത്തുള്ള ആ ദിവസളിലായിരുന്നു.പ്രണയം ഒരു സര്‍പ്പമായി എന്നെ ചുറ്റിവരിഞ്ഞ ആ നാളുകളില്‍ കൃഷ്ണ സത്യം തുറന്നുപറഞ്ഞു.
അവളുടെ കസിനായിരുന്നു വിമല്‍.അവന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിപ്പോയ ഒരുപെണ്‍കുട്ടിയുണ്ടായിരുന്നു ..ഹരിത..ബാല്യകാലം മുതല്‍ എന്റെയൊപ്പമുണ്ടായിരുന്ന ഒരു കൂട്ടുകാരി.അവളുടെ മനസ്സിലെപ്പോഴോ ഞാന്‍ കയറിക്കൂടിയിരുന്നു.അതറിയാവുന്ന ഒരേഒരാള്‍ കൃഷ്ണയും.എന്നെ പരിചയപ്പെടുന്നതിനു മുന്‍പെ ഞങ്ങള്‍ സ്നേഹത്തിലാണെന്ന് ഹരിതയുടെ മുഖത്ത് നോക്കി കൃഷ്ണ പറഞ്ഞപ്പോള്‍ അവള്‍ക്ക് മുന്നില്‍ പതിയെ വിമലിന്റെ രൂപം തെളിഞ്ഞുവന്നു.
ഞങ്ങളെ പൂര്‍ണ്ണമായി അകറ്റാന്‍ താനും,വിമലും തീര്‍ത്ത കെണിയായിരുന്നു ഈ പ്രണയമെന്നും അവള്‍ പറഞ്ഞു.പക്ഷേ ഇപ്പോള്‍ നിന്റെ ഹൃദയരശ്മികള്‍ എന്നെ പിടിച്ചുലക്കുന്നു.നിന്റെ സ്നേഹത്തിന്റെ തീഷ്ണതയില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു.
എല്ലാം മറന്നെന്നെ സ്നേഹിച്ചൂടെ?ഈ തുറന്നുപറയാന്‍ കാണിച്ച എന്റെ മനസ്സിന്റെ സ്നിഗ്തതയെ തിരിച്ചറിഞ്ഞൂടെ?അവളുടെ മുഖത്തെ ദയനീയത എന്റെ കോപത്തെ തണുപ്പിച്ചുകൊണ്ടേയിരുന്നു.അതൊരു മഞ്ഞുകട്ടയായി ഹൃദയത്തെ മരവിപ്പിച്ചുകൊണ്ടിരുന്നു.
ചതിയുടെ ആന്തരികതയ്ക്ക് ഇത്ര മനോഹാരിതയുണ്ടെങ്കില്‍ അവളുടെ സ്നേഹം എത്ര സുന്ദരമായിരിക്കും..അതായിരുന്നു അപ്പോള്‍ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞത്.....

പിന്നീട്
ഇണക്കങ്ങളേക്കാള്‍ പിണക്കങ്ങളുമായി പരസ്പരം മുന്നോട്ട് പോകാനാവാതെ ശ്വാസം മുട്ടിക്കൊണ്ടേയിരുന്നു.ഒരിക്കലും മോഹിക്കാനാവാത്ത വിധം ഉയരമേറിയതായിരുന്നു അവളുടെ ജാലകങ്ങളെന്ന് തിരിച്ചറിഞ്ഞ് ആഗ്രഹങ്ങളെ അവധിക്ക് വിട്ട് മറവിയില്‍ മുങ്ങിച്ചാവാന്‍ കൊതിക്കുകയായിരുന്നു ഞാന്‍.അവളെ ജീവിതത്തിലേക്ക് കൂട്ടാന്‍ കൊതിച്ചെങ്കിലും കഴിയാത്തവിധത്തില്‍ നിലനിന്നിരുന്ന അന്തരങ്ങള്‍ ഞാന്‍ അവളറിയാതെ തിരിച്ചറിഞ്ഞിരുന്നു.
എന്റെ വീര്‍പ്പുമുട്ടല്‍ തിരിച്ചറിഞ്ഞാവാം ഒരിക്കല്‍ കൃഷ്ണ പറഞ്ഞു.
നമ്മള്‍ പരസ്പരം വെറുത്തുതുടങ്ങിയിരിക്കുന്നു ഇല്ലേ ഗിരീ?
എനിക്കറിയാം...ആ മനസ്സില്‍ ഞാന്‍ മാത്രമാണെന്ന്...പക്ഷേ മതത്തിന്റെ കനത്തകണ്ണികള്‍ അതിര്‍വരമ്പുകളിട്ട് നമ്മെ അകറ്റി നിര്‍ത്തുന്നുവെന്ന്..നീയെന്നയല്ല എന്റെ മതത്തെ ഭയപ്പെടുന്നുവെന്ന്.
ശരിയാണ്..നമ്മുടെയീ‍ ദിവസങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ആരൊക്കെയോ പറയുന്നത് പോലെ എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.
പിരിയാം നമുക്ക്..അല്ലെങ്കില്‍ വേണ്ട..പിണങ്ങാം നമുക്ക്...എന്നെങ്കിലും കൂട്ടുകൂടുമെന്ന വിശ്വാസത്തോടെ.
ചുമന്ന മിഴികളുമായി അവള്‍ യാത്ര പറഞ്ഞിറങ്ങിപ്പോയി.

അവളില്ലാത്ത പകലിന്റെ ശൂന്യത എന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.ഞാന്‍ തിരിച്ചറിയുകയായിരുന്നു അവളുടെ സാമീപ്യത്തിന്റെ അവര്‍ണ്ണനീയതകളെപറ്റി.ക്ലാസ് മുറിയിലെ ഒഴിഞ്ഞകോണില്‍ മുഖത്തോട്മുഖം നോക്കി മിണ്ടാതിരിക്കുമ്പോഴും തിരിച്ചറിഞ്ഞിരുന്ന മൌനത്തിന്റെ ഭാഷകളെ പറ്റി.

തിരക്കേറിയ മറ്റൊരു പകലിലാണ് കൃഷ്ണയുമായി വീണ്ടുമടുത്തത്.
ഫൈന്‍ ആര്‍ട്സ് സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം.മത്സരാര്‍ത്ഥിയായ കൂട്ടുകാരന് വിജയാശംസ നേര്‍ന്നുമടങ്ങുമ്പോള്‍ നാരങ്ങപിഴിഞ്ഞൊഴിച്ച വൈറ്റ് റം കഴിച്ചിരുന്നു.ചൂടുപിടിച്ച തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിലൂടെ തിരിച്ചുനടക്കുമ്പോള്‍ അപ്രതീക്ഷിതമായി മുന്നില്‍ കൃഷ്ണ.
ഒന്നും പറയാനാവാതെ അല്പനേരം നിന്നു.
ഗിരീ..എനിക്ക് സംസാരിക്കാനുണ്ട്.
അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
പിന്നാലെ നടന്നു....
ഒഴിഞ്ഞ ക്ലാസ് മുറിയിലെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന നോട്ബുക്ക് അവള്‍ നീട്ടി.
അതുവാങ്ങി തുറന്നുനോക്കുമ്പോള്‍ ഒരാളുടെ ചിത്രം കണ്ടു.
"ഇതാ എന്റെയാള്..ഇഷ്ടമായോ?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു.
അവള്‍ക്ക് തീരെ യോജിച്ച മുഖമല്ലായിരുന്നു അത്.അവളുടെ മുഖത്ത് നോക്കാതെ ഇഷ്ടമായി എന്ന് പറഞ്ഞു.
ഗിരി നുണപറയുകയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പക്ഷേ ഇതെന്റെ നിയോഗമാണ്.കാലം എന്നെ മോഹഭംഗങ്ങളുടെ നിരാശയില്‍ തളച്ചിടാനൊരുങ്ങുന്നു.എനിക്കിപ്പോള്‍ എന്റെയീ പ്രതിബിംബത്തോടു തോന്നുന്ന വെറുപ്പിന്റെ വ്യാപ്തി നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.
നീ നിസ്സഹായനാണ്. നിനക്കൊരിക്കലും മറ്റൊരു പോംവഴിയെക്കുറിച്ചാലോചിക്കാന്‍ പോലുമാവില്ലെന്നറിയാം.അതുകൊണ്ട് ഞാനീ മഷി ഒപ്പിയെടുക്കാനൊരുങ്ങുകയാണ്.ആകാശത്തിന്റെ പടിഞ്ഞാറന്‍ മാനത്ത് നിന്ന് നൊമ്പരത്തിന്റെയീ ശോണിമയെ.
ഞാന്‍...ഞാനൊന്ന് തൊട്ടോട്ടെ?
എന്റെ ചോദ്യം കേട്ടവള്‍ പുഞ്ചിരിച്ചു.
ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍?
അതിശയത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കി.
എനിക്കറിയില്ല.
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവള്‍ അടുത്തേക്ക് ചേര്‍ന്നുനിന്ന് കൈനീട്ടി.
അവളുടെ വിരലുകള്‍ക്കിടയിലൂടെ കൈകോര്‍ത്ത് ഞാന്‍ ചേര്‍ത്തുപിടിച്ചു.
അവളുടെ മിഴികള്‍ ആര്‍ദ്രമാകുന്നത് കണ്ടപ്പോള്‍ ഞാന്‍ തീയില്‍ തൊട്ടപോലെ കുതറിമാറി.
ഗിരീ..നീ നിര്‍വ്വികാരനാണോ?
അല്ലെങ്കില്‍ ഞാന്‍ എന്നെ ഉരുകിയൊലിച്ചെനേ....നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്..നിന്റെ വികാരതിമിര്‍പ്പുകളുടെ അഗ്നിയില്‍ ഞാനെന്നേ വെന്തു വിഭൂതിയായേനെ..
അത്രയും പറഞ്ഞ് മിഴികള്‍ തുടച്ച് അവളിറങ്ങിപ്പോയി.

ഒരാഴ്ചക്ക് ശേഷം അവള്‍ എന്നെ തേടി വീണ്ടും ക്ലാസ്സില്‍ വന്നു.
വല്ലാ‍ത്തൊരാഹ്ലാദത്തില്‍ എന്റെ കയ്യില്‍ പിടിച്ച് നടന്നു.
ഗിരീ...ഇന്നലെ താംബൂലപ്രശ്നം വച്ചു.ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ല.ഇനി ഒരുവര്‍ഷത്തിനുശേഷമേ കല്യാണം പാടുള്ളുവത്രെ.
എന്താണെന്നറിയില്ല...മനസ്സിന് വല്ലാത്ത സന്തോഷം..
എന്തോ ഒരു നിമിഷം ഞാനും അറിയാതെ ചിരിച്ചുപോയി.
കാലം എന്നെ കുത്തിനോവിക്കാനുള്ള തയ്യാറെടുപ്പാണെന്നറിഞ്ഞിട്ടും....

ഒടുവില്‍...
ഇനിയും കണ്ടുമുട്ടുമെന്നും കാലത്തിന് നമ്മളെ പിരിക്കാനാവില്ലെന്ന ഉറപ്പോടെ വേനലിന്റെ ഹൃദയത്തിലൂടെ ഞങ്ങള്‍ നടന്നുപോയി.അവസാനമായി അവള്‍ക്ക് നല്‍കിയ കൈമുറിച്ചെഴുതിയ ആശംസാകാര്‍ഡ് കണ്ടപ്പോള്‍ എന്റെ കൈകൊണ്ട് മുഖം പൊത്തി കൃഷ്ണ കുറേ നേരം കരഞ്ഞു.അവളുടെ പിടക്കുന്ന മിഴികളുടെ താളം ഞാനറിഞ്ഞു.അതിന് മറുപടിയായി ജന്മങ്ങള്‍ക്കപ്പുറവും ഞാന്‍ കാത്തിരിക്കാമെന്ന് വാക്കുതന്ന അവളുടെ ആശംസാകാര്‍ഡ് എന്നില്‍ നിന്നും നഷ്ടമായി.പക്ഷേ അതിലവളെഴുതിക്കൂട്ടിയ ജീവനുള്ള വാക്കുകള്‍ ഇന്നും എന്റെ മനസ്സില്‍ കിടന്നു പിടക്കുന്നുണ്ട്.നാളെ കാണാമെന്ന് പറഞ്ഞ് ഒരു സായന്തനതില്‍ യാത്ര പറഞ്ഞ്പോയ അവളെ ജീവിതത്തിലിതുവരെ കണ്ടെടുക്കാനായില്ല എനിക്ക്. പക്ഷേ മനസ്സിലെ മ്യൂസിയത്തില്‍ അവള്‍ എനിക്ക് സമ്മാനിച്ച ജീവനുള്ള അക്ഷരങ്ങള്‍ ഇന്നും സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
"എന്റെ പേര് പൊടിപിടിച്ചുതുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍..
എന്റെ ഹൃദയത്തില്‍...
പിന്നെ നിന്റെയും...

പിണങ്ങിയിരുന്ന ഒരു കലോത്സവനാളില്‍ പ്രഹേളികയെന്ന വിഷയത്തില്‍ അവളോടൊപ്പമിരുന്ന് കഥയെഴുതിയത് ഓര്‍മ്മയില്‍ തെളിയുന്നു.പ്രഹേളികയെന്ന വാക്കിന്റെ അര്‍ത്ഥം പോലും പിടികിട്ടാതെയിരിക്കുന്ന എനിക്ക് മുന്നില്‍ വന്നത് അവളുടെ ജീവിതം തന്നെയായിരുന്നു.സായ്ഭജന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുമായിരുന്ന സായന്തനങ്ങളും,കടങ്കഥ പോലെയുള്ള അവളുടെ ജീവിതത്തിന്റെ ഇടറിയ വഴികളുമെല്ലാം എന്റെ പേനക്ക് ഇരകളായി.
മഴയും,മരണവും ,മയില്‍പ്പീലിയും എന്ന തലക്കെട്ടില്‍ എഴുതിയ ആ കഥ ഒന്നാംസ്ഥാനത്തിനര്‍ഹമായപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടടുത്ത് വന്നു.
ഇപ്പോ ഗിരി ജയിച്ചു. പക്ഷേ ജീവിതത്തിലെനിക്കായിരിക്കും വിജയം.
പുഞ്ചിരിയോടെ പറയുമ്പോഴും എഴുതിക്കൂട്ടിയതെല്ലാം അവളെക്കുറിച്ചായിരുന്നുവെന്ന് കൃഷ്ണയറിഞ്ഞില്ല.
കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ വീണ്ടുമൊരുപാട് മുഖങ്ങള്‍ വന്നും പോയുമിരിക്കുന്നു.എന്നാലും അവളിന്നെവിടെയാകുമെന്നൊരു ചിന്ത ഇടക്കെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു...
എന്റെ ജീവിതം ജയിച്ചോ..തോറ്റോ..എന്നിനിയും പറയാനായിട്ടില്ല.പക്ഷേ ഒന്നുറപ്പാണ് കൃഷ്ണ വിജയിച്ചിട്ടുണ്ടാവും.
പുഞ്ചിരിയിലും ആ മിഴികളില്‍ ഞാന്‍ കണ്ട രൌദ്രത എങ്ങനെ മറക്കാനാകും?

Wednesday, May 7, 2008

ഡ്രാക്കുള

(വയനാട്‌ ജില്ലയിലെ കോളജ്‌ കലോത്സവങ്ങളില്‍ ഏറ്റവും മികച്ചത്‌ ഞങ്ങളുടെ കോളജിലേതാണെന്ന്‌ കണ്ണുമടച്ച്‌ പറയാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...അങ്ങനെയൊരു കലോത്സവത്തിന്റെ തലേദിവസത്തേക്ക്‌ വെറുതെ ഒന്നു മടങ്ങിപോവുന്നു..)

സമയം വൈകുന്നേരം ആറുമണി..
ഓഡിറ്റോറിയത്തിന്റെയും ഹാളിന്റെയും അവസാനമിനുക്ക്‌ പണികള്‍ പൊടിപൊടിക്കുകയാണ്‌. ഹൗസ്‌ ക്യാപ്റ്റന്‍മാരായി വിലസുന്നവരില്‍ ചിലരും റിഹേഴ്സലിന്റെ പേര്‌ പറഞ്ഞ്‌ ഷൈന്‍ ചെയ്യുന്നവരുമെല്ലാം ഇനി സ്റ്റേജില്‍ കാണാമെന്ന്‌ പറഞ്ഞ്‌ പരസ്പരം വെല്ലുവിളിച്ച്‌ പിരിഞ്ഞുപോയി. സാധാരണ എല്ലാ കലോത്സവങ്ങളിലും രാത്രി കോളേജില്‍ തങ്ങാറാണ്‌ പതിവ്‌. പക്ഷേ അന്ന്‌ അവിടെ തങ്ങുന്ന കാര്യമൊന്നും തീരുമാനമായിട്ടില്ല. അങ്ങനെ വീട്ടിലേക്ക്‌ തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ്‌..ഒരു കന്നാസ്‌ നിറയെ നാടന്‍വാറ്റുമായി അരവിന്ദന്റെ കാറെത്തിയത്‌. അങ്ങനെ അന്ന്‌ അവിടെ കൂടാന്‍ തീരുമാനിച്ചു.
രാത്രി എട്ട്‌ മണിയോടെ കലോത്സവവേദിയും ഹാളുമെല്ലാം അതിമനോഹരമായി അണിഞ്ഞൊരുങ്ങി കഴിഞ്ഞു॥കോളജിലെ മികച്ച്‌ നാടകനടനുള്ള പുരസ്ക്കാരം നിരവധി തവണ സ്വന്തമാക്കിയിട്ടുള്ള അരവിന്ദന്റെ നാടകറൂമിലായിരുന്നു ഞങ്ങള്.ഞങ്ങള്‍ എന്ന്‌ പറയുന്നതില്‍ പൂര്‍ണ്ണതയില്ലാത്തതിനാല്‍എല്ലാവരെയും ഒന്നു പരിചയപ്പെടുത്താം.ഹൗസ്‌ ക്യാപ്റ്റന്‍ അഭി, പിന്നെ ബിജു, എന്റെ സഹപാഠികളായ ബെയ്സില്‍, ജസ്റ്റിന്‍ പിന്നെ ഓള്‍ ഇന്ന്‌ ഓള്‍ അരവിന്ദനും..ഇതിനിടയില്‍ നാടന്‍വാറ്റ്‌ അടിക്കാത്തവര്‍ക്ക്‌ വേണ്ടി കട്ടയിട്ട്‌ കളര്‍ വാങ്ങുവാനായി അഭിയും ബെയ്സിലും അടുത്തുള്ള ബാറിലേക്ക്‌ പോയി...വെറുതെയിരുന്നു മടുത്തപ്പോ അരയില്‍ തിരുകിവെച്ച രണ്ടുകുത്ത്‌ ചീട്ടെടുത്ത്‌ റമ്മി കളിക്കാന്‍ തുടങ്ങി..

ജോസഫ്‌ സാറ്‌ വളരെ സീരിയസായി റൂമിലേക്ക്‌ കയറിവന്നപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്നാണ്‌ കരുതിയത്‌..ചീട്ടെല്ലാം പെട്ടന്ന്‌ വാരിക്കൂട്ടി ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ അദ്ദേഹം വേണ്ട എന്ന്‌ ആംഗ്യം കാട്ടി.
അരവിന്ദാ..നാടകമത്സരത്തിന്‌ ആകെ നാലു ടീമേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. കഴിവുള്ള കുട്ടികളല്ലേ..തല്‍ക്കാലം നിങ്ങള്‍ക്ക്‌ ഒരു നാടകം തട്ടിക്കൂട്ടിക്കൂടെ...(കലോത്സവത്തോട്‌ അനുബന്ധിച്ച്‌ മരിച്ചുപോയ ഒരു അധ്യാപകന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും നാടകമത്സരം നടത്തിവരാറുണ്ടായിരുന്നു)
സാറിന്റെ ആ പുകഴ്ത്തല്‍ തറച്ചത്‌ അരവിന്ദന്റെ മനസിലാണ്‌..അധികം ആലോചിക്കാതെ അവന്‍ സമ്മതം മൂളി..പിന്നെ സീരിയസായി ഞങ്ങളെ നോക്കി പറഞ്ഞു..
എല്ലാവരും വേഗം ഡ്രസൊക്കെ മാറൂ.
ജെസ്റ്റിനും ബിജുവും ഞാനും അവിടെയുണ്ടായിരുന്ന അരവിന്ദന്റെ നാടകഡ്രസുകളില്‍ ചിലതെടുത്ത്‌ ധരിച്ചു. എനിക്ക്‌ കിട്ടിയത്‌ ഒരു കറുത്ത ഗൗണായിരുന്നു. ജയില്‍പുള്ളിയുടെ വേഷം ജസ്റ്റിനും.ബിജു മേറ്റ്ന്തോ ഒരു ഡ്രസും.
ക്ലാസ്‌റൂമിലുണ്ടായിരുന്ന ബള്‍ബെടുത്ത്‌ അരവിന്ദന്‍ അതില്‍ ചുവന്ന ഗ്രാസ്സ്‌ പേപ്പര്‍ ചുറ്റി. മുറിയില്‍ ചുവന്ന വെട്ടം പരന്നു.
കുപ്പി വാങ്ങാന്‍ പോയത്‌ കൊണ്ട്‌ നല്ല വേഷങ്ങള്‍ നഷ്ട്ടപ്പെട്ട അഭിയെയും ബെയ്സിലിനേയും മനസിലോര്‍ത്ത്‌ ഞാന്‍ പരിതപിച്ചു.
സംവിധായകന്‍ താടി ചൊറിഞ്ഞു.ഒരു പേപ്പറെടുത്ത്‌ എന്തൊക്കെയോ കുത്തികുറിച്ചിട്ടു...അഭിനയത്തിന്‌ ഹരം വരാനായി കന്നാസില്‍ നിന്നും നാടനെടുത്ത്‌ ഞാനും ജെസ്റ്റിനും വായിലേക്ക്‌ കമിഴ്ത്തി.നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ ശരിക്കും കഥാപാത്രങ്ങളായി മാറി കഴിഞ്ഞിരുന്നു.

രംഗം ഒന്ന്‌...
ജയില്‍പുള്ളിയായി ജസ്റ്റിന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ചുവന്ന വെളിച്ചത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച്‌ ഞാന്‍ അവന്റെ അരുകിലേക്ക്‌ പതിയെ നടന്നടുക്കുന്നു.അടുത്തെത്തിയപ്പോള്‍ അവന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു.പെട്ടന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറി അപ്രത്യക്ഷമാവുന്നു.
പേടിച്ചരണ്ട്‌ ജസ്റ്റിന്‍ എഴുന്നേറ്റിരിക്കുന്നു...
'ഈ നശിച്ചസ്വപ്നം മൂലം ഉറക്കം നഷ്ടപ്പെട്ടിട്ട്‌ നാളുകളായിരിക്കുന്നു...' ഇതാണ്‌ അപ്പോഴുള്ള അവന്റെ ഡയലോഗ്‌..
അരവിന്ദാ..ഡയലോഗില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ല...മദ്യലഹരിയില്‍ കുഴഞ്ഞ എന്റെ ശബ്ദം കേട്ട്‌ അരവിന്ദന്‍ തുറിച്ച്‌ നോക്കി എന്നെ ഭീതിപ്പെടുത്തി..
നിനക്ക്‌ ഡയലോഗ്‌ ഉണ്ട്‌..അവന്‍ എന്നെ സമാധാനിപ്പിച്ചു..
വീണ്ടും ഒരു മൂന്നാല്‌ തവണ കൂടി അതേ രംഗം ഞങ്ങളെ കൊണ്ട്‌ സംവിധായകന്‍ അഭിനയിപ്പിച്ചു..
പിന്നെ ചെറിയൊരു ഇടവേള തന്നു. ഞങ്ങള്‍ അഭിനയിച്ച്‌ ക്ഷീണിച്ചത്‌ കൊണ്ടല്ല മറിച്ച്‌ കഥയുടെ ബാക്കിയെഴുതാന്‍ വേണ്ടിയുള്ള ഇടവേള.
ഒരു സിഗരേറ്റ്ടുത്ത്‌ കത്തിച്ച്‌ കുറ്റിതാടി ഇടക്കിടെ ചൊറിഞ്ഞ്‌ അരവിന്ദന്‍ തീഷ്ണമായ ആലോചനയില്‍ മുഴുകിയപ്പോള്‍ ഒളിപ്പിച്ചുവെച്ച ചീട്ടെടുത്ത്‌ ഞങ്ങള്‍ വീണ്ടും റമ്മി കളിക്കാന്‍ തുടങ്ങി..ഈ സമയത്ത്‌ ബാറിലേക്ക്‌ പോയ ബെയ്സിലും അഭിയും തിരിച്ചെത്തി. രണ്ട്‌ ഫുള്‍ബോട്ടില്‍ ബ്രാന്‍ഡി കണ്ടപ്പോള്‍ കന്നാസിലുള്ള നാടനെടുത്ത്‌ വാറ്റ്‌ പ്രിയരായ ചിലര്‍ക്ക്‌ നല്‍കാന്‍ മറന്നില്ല..സില്‍വര്‍ സ്റ്റാലിന്‍ എന്ന ബ്രാന്റ്‌ നെയിമുള്ള ബ്രാന്‍ഡി എടുത്ത്‌ ഡിസ്പോസിബിള്‍ ഗ്ലാസില്‍ ഒഴിച്ച്‌ അഭി എല്ലാവര്‍ക്കുമായി നീട്ടി. അതിന്റെ ഒടുക്കത്തെ ചവര്‍പ്പിനെ മനോഹരമായി അവഗണിച്ച്‌ വായിലേക്ക്‌ കമിഴ്ത്തി റോസ്റ്റ്‌ കടല ചവച്ചു..
അരവിന്ദന്‍ അപ്പോഴേക്കും മൂന്നാല്‌ രംഗങ്ങള്‍ കൂടി തട്ടിക്കൂട്ടി ഞങ്ങള്‍ക്കിടയിലേക്ക്‌ വന്നു...ഒഴിച്ചുവെച്ചിരുന്ന ഗ്ലാസ്‌ കാലിയാക്കി ആദ്യം മുതല്‍ ഒന്നു കൂടി അഭിനയിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു..
റൂമില്‍ വീണ്ടും ചുവന്ന പ്രകാശം തെളിഞ്ഞു..
ജസ്റ്റിന്‍ ജയില്‍പുള്ളിയായി നീണ്ടുനിവര്‍ന്നു കിടന്നു. ഞാന്‍ കറുത്ത ഗൗണിട്ട്‌ അവനെ ഭീതിപ്പെടുത്താന്‍ തുടങ്ങി..
അഭിയുടെയും ബെയ്സിലിന്റെയും വേഷത്തെ ചൊല്ലി ഇതിനിടയില്‍ തര്‍ക്കം തുടങ്ങിയിരുന്നു..നായകനായി ജസ്റ്റിനും വില്ലനായി ഞാനും തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു കാരണം.എഴുതിക്കൂട്ടിയ സീനുകളിലൊന്നിലും ഞാനും ജസ്റ്റിനുമല്ലാതെ മറ്റൊരുമുണ്ടായിരുന്നില്ല.പുതിയ കഥാപാത്രങ്ങളുണ്ട്‌ എന്ന്‌ പറയുന്നതല്ലാതെ മറ്റാരെയും നാടകത്തിലുള്‍പ്പെടുത്താന്‍ സാമാന്യം നല്ല പൂസില്‍ നില്‍ക്കുന്ന അരവിന്ദന്‌ കഴിഞ്ഞില്ല..തര്‍ക്കം ഉന്തും തള്ളിലും പിന്നെ നീണ്ട ഇടവേളയിലേക്കും കാര്യങ്ങളെത്തിച്ചു..
ജെസ്റ്റിനും ബിജുവും വസ്ത്രങ്ങളഴിച്ച്‌ വെച്ച്‌ പുറത്തേക്ക്‌ പോയി..അരവിന്ദനും അഭിയും ആ ബഹളത്തിനിടയിലും സില്‍വര്‍ സ്റ്റാലിനെ കാലിയാക്കി കൊണ്ടിരുന്നു.

ഓഡിറ്റോറിയത്തില്‍ ജോസഫ്‌ സാറും റജിയും മറ്റും ചീട്ടുകളിക്കുന്നുണ്ടായിരുന്നു..അവരുടെയടുത്ത്‌ പോയിരുന്നു..അവ്യക്തമായി ജോക്കറിനെ മാത്രം എനിക്ക്‌ മനസിലായി..പിന്നെ അടുക്കിയിട്ടിരുന്ന ബെഞ്ചില്‍ കയറി നിന്ന്‌ ചുള്ളിക്കാടിന്റെ ആനന്ദധാര ഉറക്കെചൊല്ലി. കറുത്ത ഗൗണിന്റെ ചിറകുകള്‍ ഉയര്‍ത്തി വീശി കൊണ്ടിരുന്നു.എല്ലാ കണ്ണുകളും എന്നിലേക്ക്‌ പതിച്ചപ്പോള്‍ വീണ്ടും ഞാന്‍ ജോസഫ്‌ സാറിന്‌ കോച്ചിംഗ്‌ നല്‍കാനായി അടുത്ത്‌ പോയിരുന്നു.
സാറേ.എനിക്കൊരു സങ്കടം പറയാനുണ്ട്‌.
എന്റെ വാക്കുകള്‍ കേട്ട്‌ നീ പറയടാ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഒരു കൈയെടുത്ത്‌ എന്റെ തോളിലിട്ടു.
ഇത്രേം കാലം ഇവിടെ പഠിച്ചിട്ടും ഒരു ലൈനിടാന്‍ പേറ്റെല സാറെ.ഇനിയാകെ ഒരു വര്‍ഷം മാത്രം.എനിക്ക്‌ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല സാറെ.
സില്‍വര്‍ സ്റ്റാലിന്റെ സംസാരം കേട്ട്‌ സാറൊന്ന്‌ പകച്ചു.പിന്നെ ശാന്തനായി പറഞ്ഞു.
നീ തീരെ പോരാ ട്ടോ.
എന്നെ കുറിച്ചറിയുമോ നിനക്ക്‌.
എസ്‌ എസ്‌ എല്‍ സിക്ക്‌ പഠിക്കുമ്പോ മൂന്നുപേര്‍, പി ഡി സിക്ക്‌ രണ്ടുപേര്‍, ഡിഗ്രിക്ക്‌ രണ്ടു പേര്‍, എല്ലാരും സുന്ദരികളായിരുന്നു. പി ജിക്ക്‌ പഠിക്കുമ്പോ ഉള്ള ആളെം കൊണ്ട്‌ ഞാനിങ്ങ്‌ പോരുകയും ചെയ്തു.
എന്നിട്ട്‌ സാറിന്‌ ഈ ഉടാസ്‌ സാധനത്തെയെ കിട്ടിയുള്ളോ..എവിടെയോ ഫ്ലാറ്റാവാന്‍ തയ്യാറെടുക്കുന്ന ബെയ്സില്‍ വിളിച്ചുചോദിച്ചു.
പക്ഷേ സാറ്‌ അല്‍പം പോലും ചമ്മിയില്ല.അല്‍പം സീരിയസായി പറഞ്ഞു,
അവളന്ന്‌ സുന്ദരിയായിരുന്നെടാ.

അരവിന്ദന്‍ നാടകം എങ്ങിനെ തുടരും എന്ന ചിന്തയില്‍ തന്നെയായിരുന്നു.ആളൊഴിഞ്ഞ ഒരു ക്ലാസില്‍ പോയി മെഴുകുതിരിവെട്ടത്തില്‍ അപ്പോഴും അവന്‍ എന്തൊക്കെയോ എഴുതിക്കൂട്ടിക്കൊണ്ടിരുന്നു.
എനിക്ക്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു..എന്തെങ്കിലും കിട്ടണമെങ്കില്‍ ടൗണിലെ തട്ട്‌ കടയില്‍ പോകണം..വെറുതെ പോയിട്ട്‌ കാര്യമില്ലല്ലോ പൈസ വേണ്ടേ.
ഹൗസ്‌ ക്യാപ്റ്റാ എന്ന്‌ നീട്ടി വിളിച്ചപ്പോ എവിടെ നിന്നോ അഭിയുടെ ശബ്ദം കേട്ടു.സില്‍വര്‍ സ്റ്റാലിന്റെ രണ്ടാം കുപ്പിയിലെ ആദ്യപെഗ്‌ ചുവന്ന വെളിച്ചത്തിലിരുന്നു അകത്താക്കുകയായിരുന്നു അവന്‍.

എനിക്ക്‌ പത്തുരൂപ വേണം.
എന്റെ ആവശ്യം കേട്ട്‌ മുഖമുയര്‍ത്താതെ തന്നെ കീശയില്‍ നിന്നും ഇരുപത്‌ രൂപയെടുത്ത്‌ തന്നു.
ഒരു കിലോ മീറ്ററെങ്കിലും നടക്കണം ടൗണിലെത്താന്‍..എന്തോ ഗൗണ്‍ ഊരിക്കളയാന്‍ തോന്നിയില്ല..അതിട്ടെ പിന്നെ തണുപ്പും തീരെ തോന്നിയിരുന്നില്ല..അങ്ങനെ നടക്കുമ്പോഴാണ്‌ സതീഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ശിവരാജന്‍ ബൈക്കുമായി വന്നത്‌. അതിന്റെ ബാക്കില്‍ ഞാനും കയറിക്കൂടി..തട്ടുകടയുടെ മുന്നില്‍ എന്നെയിറക്കി വിട്ട്‌ അവര്‍ ബൈക്കോടിച്ച്‌ പോയി.
സിനിമാ തിയ്യറ്ററിന്‌ മുന്നിലെ സജീവമായ തട്ടുകടയില്‍ വെള്ളയപ്പം ചൂട്ടുകൊണ്ടിരിക്കുന്നയാളുടെ അടുത്തേക്ക്‌ ചെന്നു.
രണ്ട്‌ അപ്പം.
എന്റെ ചോദ്യം കേട്ടപ്പോള്‍ ഗൗണിലേക്കായിരുന്നു അയാളുടെ നോട്ടം.ഇതിനിടെ അറിയാതെ ഞാന്‍ കയ്യൊന്ന്‌ നിവര്‍ത്തിയപ്പോള്‍ അയാളുടെ മുഖത്ത്‌ എന്തോ കോപം വന്നു. ഒരു പക്ഷേ ഗൗണിന്റെ ചിറകുകള്‍ കണ്ടാവാം.എന്തായാലും അര്‍ദ്ധരാത്രിയില്‍ ഒരു വക്കീല്‍ നല്ല ഫിറ്റായി ഇങ്ങനെ വരില്ലല്ലോ.ചിലപ്പോ ഭ്രാന്തനാകും, അയാള്‍ അങ്ങനെ ചിന്തിച്ചിരിക്കാം.
ഇവിടെ അപ്പമില്ല.
കുന്നുപോലെ കൂട്ടിയിട്ട്‌ അപ്പത്തിനരുകില്‍ നിന്നയാള്‍ പറഞ്ഞു.
അപ്പമെന്താണെന്ന്‌ തിരിച്ചറിയാത്ത പോലെ ഞാന്‍ നിന്നു.
പിന്നെ തൊട്ടടുത്ത കടയിലേക്ക്‌ നടന്നു..
അവിടെ ചെന്നപാടെ കയ്യിലുണ്ടായിരുന്ന രൂപ കടക്കാരനെ ഏല്‍പ്പിച്ചു. അവിടെ നിന്നു കൂടി ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്തൊത്തും കടയില്ല..എന്റെ കോലം കണ്ട്‌ പൈസയില്ല എന്ന്‌ കരുതിയാവും ആദ്യ കടക്കാരന്‍ ഒന്നും തരാത്തതെന്ന്‌ ആ ഫിറ്റിലും ഞാന്‍ മനസിലാക്കിയിരുന്നു..
പൈസ കൊടുത്തതോടെ അയാള്‍ ഒംലറ്റും ബന്നും കട്ടന്‍കാപ്പിയും തന്നു..ചുറ്റിനുമിരിക്കുന്നവര്‍ അത്ഭുതത്തോടെ നോക്കുന്നത്‌ കണ്ടപ്പോള്‍ എല്ലാവരെയും ഒന്നു പറ്റിച്ചേക്കാമെന്ന്‌ കരുതി ഞാന്‍ ആര്‍ത്തിയോടെ വലിച്ചുവാരി തിന്നാന്‍ തുടങ്ങി..തുറിച്ചുനോക്കിയവരില്‍ ചിലര്‍ അത്‌ കണ്ട്‌ മുഖം തിരിച്ചു..
അവിടെ നിന്നും തിരിച്ചു നടക്കുമ്പോള്‍ റോഡിന്റെയരുകിലുള്ള ശ്മശാനത്തില്‍ നിന്നും നായ്ക്കള്‍ ഓരിയിടുന്നുണ്ടായിരുന്നു..
കുറെ നടന്ന്‌ കോളേജിലേക്കുള്ള ഇറക്കമിറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ കടത്തിണ്ണയില്‍ നിന്നും ആരൊക്കെയോ തുറിച്ച്‌ നോക്കുന്നത്‌ കണ്ടത്‌..
ഞാന്‍ കൈയുയര്‍ത്തി വീശിയപ്പോള്‍ ഗൗണിന്റെ ചിറകുകള്‍ വെഞ്ചാമരം പോലെയായി..
അയ്യോ ഡ്രാക്കുള. എന്ന്‌ വിളിച്ച്‌ ഉറങ്ങിക്കൊണ്ടിരുന്ന നാടോടികള്‍ എഴുന്നേറ്റോടുന്നത്‌ കണ്ടു..
അങ്ങകലെ നിന്നും നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന പൊലീസ്‌ ജീപ്പ്പ്‌ വരുന്നുണ്ടായിരുന്നു..ഒരു നിമിഷം കൊണ്ട്‌ എന്റെ ഫിറ്റെല്ലാം എവിടെയോ പോയി...
ജീപ്പ്പ്‌ നൂറുമീറ്റര്‍ അകലെയെത്തിയപ്പോഴേക്കും ശിവരാജന്റെ ബൈക്ക്‌ മുന്നില്‍ വന്നു നിന്നു..അതില്‍ കയറി. മിന്നായം പോലെ അവന്‍ വണ്ടി പായിച്ചു.

കോളജിലെത്തുമ്പോള്‍ സംവിധായകന്‍ അരവിന്ദന്‍ എഴുതിപൂര്‍ത്തിയാക്കാനാവാത്ത സ്ക്രിപ്റ്റിന്‌ മുകളില്‍ തലയും വെച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു.
നാടകമുറിയില്‍ വാളുവെച്ച്‌ അഭിയും തൊട്ടരുകില്‍ ജെസ്റ്റിനും ബിജുവും മലര്‍ന്ന്‌ കിടക്കുന്നുണ്ടായിരുന്നു..
ബെയ്സിലിനെ മാത്രം എവിടെയും കണ്ടില്ല.
അരവിന്ദന്റെ കസേരയില്‍ ചാഞ്ഞിരിക്കുമ്പോള്‍ പാതി തീര്‍ന്ന രണ്ടാമത്തെ കുപ്പിയുടെ പുറത്തുണ്ടായിരുന്ന സില്‍വര്‍ സ്റ്റാലിന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.